കോട്ടയം : വീട്ടിൽ മദ്യവില്പന നടത്തിയിരുന്നയാൾ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായി. വേളൂർ മുല്ലശ്ശേരി വീട്ടിൽ എം ആർ ബിനു ( 45) നെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാവിലെ വീടിന്റെ പിൻവശത്ത് മദ്യം വിൽക്കുന്നതിനിടെയിലാണ് ഇയാൾ പിടിയിലായത്. ഷാഡോ എക്‌സൈസ് കെട്ടിടം പണിക്കാരുടെ വേഷത്തിലെത്തി മദ്യം വാങ്ങുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇതിനിടെ ബിനു വാക്കത്തി ഉപയോഗിച്ച് എക്സൈസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. വീടിന് സമീപത്തായി ചതുപ്പിൽ താഴ്ത്തിയ നിലയിൽ ഏഴ് കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഏഴു ലിറ്റർ മദ്യവും കണ്ടെടുത്തു. കാഞ്ഞിരം മേഖലയിൽ വ്യാജ ചാരായം നിർമ്മാണം നടത്തി ആളുകൾ മരിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല. കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുൾഫിക്കറുടെ നിർദേശപ്രകാരമാണ് പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

alch-btl