പൂവാർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്കുള്ള ആശ്രയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് തീരദേശത്തെ സ്കൂളുകൾ. രോഗവ്യാപനത്തെ നേരിടുന്നതിനായി തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചാണ് സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ സോൺ-3ൽ ഉൾപ്പെട്ട കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി ഇപ്പോൾ മാറിയിരിക്കുന്നത്. ഈ സ്കൂളുകളിൽ കുട്ടികൾ പഠിക്കാനും കളിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണ് രോഗികളെ കൊണ്ടുനിറഞ്ഞിരിക്കുന്നത്. രോഗികളും ആരോഗ്യ പ്രവർത്തകരും ഡോക്ടറും നഴ്സും എല്ലാവരുമിപ്പോൾ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലാണ്.
കരുംകുളം
കരുംകുളം ഗ്രാമപഞ്ചായത്തിലെ ലിയോ തേർട്ടീൻത്ത് ഹയർ സെക്കൻഡറി സ്‌കൂളാണ് ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. സോൺ 3ൽ ആദ്യമായി രോഗ വ്യാപനം സമൂഹ വ്യാപനത്തിലേക്ക് കടന്നതും കരുംകുളം ഗ്രാമ പഞ്ചായത്തിലായിരുന്നു. ക്വാറന്റൈൻ സെന്ററായി മാറ്റിയ സ്‌കൂളിനെ കൊവിഡ് ആശുപത്രിയാക്കുകയായിരുന്നു. 143പേർ ഇവിടെ ചികിത്സയിലാണ്. 656 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോട്ടുകാൽ
കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ പുളിങ്കുടി റോസാ മിസ്റ്റിക്ക ബെഡ്സൈഡാ ഹയർ സെക്കൻഡറി സ്കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറിയിരിക്കുന്നത്. 138പേർ ഇപ്പോൾ ചികിത്സയിലാണ്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ 141 പേരാണ് പോസിറ്റീവായത്.
പൂവാർ
പൂവാർ ഗ്രാമപഞ്ചായത്തിലെ ഏയ്ഞ്ചൽ സ്കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. 94 പേർ ഇപ്പോൾ ട്രീറ്റ്മെന്റിലാണ്. പഞ്ചായത്തിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂവാർ ഗവ. യു.പി സ്കൂളിൽ ആദ്യഘട്ടത്തിൽ സെന്റർ ക്രമീകരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികളുടെ ഇടപെടലിനെ തുടർന്ന് ഏയ്ഞ്ചൽ സ്റ്റുകളിലേക്ക് മാറ്റിയത്.
കുളത്തൂർ
കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ ഗവ.യു.പി സ്‌കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. ഇപ്പോൾ 93 പേർ ചികിത്സയിലുണ്ട്.
പഞ്ചായത്തിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 256 പേർ പോസിറ്റീവായി.