വലിയ പ്രതീക്ഷയോടെ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഉത്തരം പലപ്പോഴും വിഭിന്നമായിരിക്കും. കാരണം, ദീർഘനാളായി ചികിത്സയിലിരിക്കുന്നവർ അവരുടെ മരുന്നുകൾ നിറുത്തി വയ്ക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വളരെ പെട്ടെന്ന് ഫലം കിട്ടണമെന്ന ആഗ്രഹത്തോടെ ആയുർവേദമരുന്ന് കഴിക്കാൻ തയ്യാറാകുന്നവർക്ക് അത് കിട്ടിയില്ലെന്ന് വരാം.
അവർ ചെയ്യേണ്ടത്
കഴിക്കുന്ന മരുന്ന് കൊണ്ട് രോഗശമനം സാധ്യമല്ലാതെ വന്നാൽ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ആയുർവേദ മരുന്നു കൂടി കഴിച്ച് ശമനത്തിന് സാധിക്കുമോ എന്ന് നോക്കാവുന്നതാണ്.
ഒരു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നയാൾക്ക് മറ്റൊരു അസുഖം വരുമ്പോൾ അതിനായി ആയുർവേദം പറ്റുമോ എന്ന് നോക്കാവുന്നതാണ്.
ദീർഘനാൾ മരുന്ന് കഴിക്കേണ്ടി വരുന്ന രോഗങ്ങളുള്ളവർ പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് എന്ന നിലയിൽ ആയുർവേദം പറ്റുമോ എന്ന് നോക്കാവുന്നതാണ്.
വാട്സ് ആപ്പ് വൈദ്യത്തിന്റെ പുറകേ പോകരുത്. ഒരു ഡോക്ടറുടെ പേരോ മുഖമോ ഇല്ലാത്ത മെസേജുകൾ വിശ്വസിക്കരുത്. അതിന്റേയും ആധികാരികത അന്വേഷിക്കണം.
ഫലം കിട്ടണമെങ്കിൽ നിങ്ങളെ ചികിത്സിക്കുന്നത് അർഹനായ ഒരു ഡോക്ടർ തന്നെയായിരിക്കണം. മാത്രമല്ല, നല്ല അനുഭവപരിജ്ഞാനമുള്ള ആളും ആയിരിക്കണം. ആയുർവേദവും മറ്റു ഔഷധങ്ങളും ഒരുമിച്ചു കഴിക്കുമ്പോൾ എത്രമാത്രം ഇടവേള നൽകണമെന്ന് നിശ്ചയിക്കാൻ ഒരു ഡോക്ടർക്ക് മാത്രമേ സാധിക്കൂ.