പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞാൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് എന്നതായിരുന്നു അവസ്ഥയെങ്കിൽ, ഇന്ന് എല്ലാ പ്രായത്തിലുള്ളവരും പറയുന്ന ബുദ്ധിമുട്ടുകളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്. ഏതു രോഗത്തിന് ചികിത്സിക്കുന്നവരും ഇതും കൂടി ഒരു ബുദ്ധിമുട്ടായി ഡോക്ടറോട് പറയാറുണ്ട്. ഇതിനുവേണ്ടി മരുന്ന് കഴിക്കുന്നവരും, മരുന്ന് കഴിച്ചിട്ടും പൂർണമായും മാറാതെ കൊണ്ടുനടക്കുന്നവരും, ക്രമേണ മറ്റ് രോഗങ്ങളായി മാറുന്നവരുമുണ്ട്.
അസിഡിറ്റിയും ഗ്യാസും ദഹനസംബന്ധമായ ബുദ്ധിമുട്ടുകളാണെങ്കിലും അവയുടെ കാരണവും ചികിത്സയും വ്യത്യസ്തമാണ്. മറ്റ് രോഗാവസ്ഥകളിൽ കാണുന്ന ലക്ഷണമാണെങ്കിൽ ഗ്യാസിനോ അസിഡിറ്റിക്കോ അല്ല ചികിത്സിക്കേണ്ടത്. രോഗത്തെ തന്നെ ചികിത്സിച്ചു ശമിപ്പിച്ചാൽ മാത്രമേ ഈ ലക്ഷണങ്ങളും കുറയുകയുള്ളൂ.
പുളിച്ചുതികട്ടലും ഗ്യാസും മാറി മാറി അനുഭവപ്പെട്ടുതുടങ്ങുന്ന പലർക്കും പിന്നീട് ഇവയിലേതെങ്കിലും ഒന്നിന്റെ ബുദ്ധിമുട്ടാണ് കൂടുതലായി കാണാറുള്ളത്. ദഹനക്കേട്, ഭക്ഷണത്തിലെ ക്രമക്കേടുകൾ, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ശരിയായ മലശോധനയില്ലായ്മ, അർശസ്, കൊളസ്ട്രോൾ തുടങ്ങി കുടൽ, കരൾ, പ്ളീഹ, പിത്തസഞ്ചി, പാൻക്രിയാസ് എന്നീ ആന്തരീകാവയവങ്ങളിലെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ വരെ ഇവയ്ക്ക് കാരണമാകാറുണ്ട്.
അധികമായ ചായ കുടി, ഇരുന്നുള്ള ജോലി, എണ്ണപ്പലഹാരങ്ങൾ, ബേക്കറി, ജങ്ക് ഫുഡ് തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങൾ തന്നെ. ഇവയ്ക്കൊപ്പം ആവശ്യത്തിന് വ്യായാമമില്ലാത്തവരാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു.
ശരിയായ ഭക്ഷണം ചവച്ചുകഴിക്കുകയും ദഹിക്കാൻ പ്രയാസമുള്ളവ അല്പമായ അളവിൽ മാത്രം കഴിക്കുകയും പ്രായത്തിനും ആവശ്യത്തിനുമനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുകയും വേണം.
ചില വീര്യം കൂടിയ മരുന്നുകളും തുടർച്ചയായി കഴിക്കേണ്ടിവരുന്ന മരുന്നുകളുമാണ് അസിഡിറ്റിയേയും ഗ്യാസിനേയും വർദ്ധിപ്പിക്കുന്നത് എന്നും പറയാം. കേൾക്കുന്നവർക്ക് നിസാരമായി തോന്നുമെങ്കിലും വർദ്ധിച്ച തീവ്രതയോടെയുള്ള ചില അവസരങ്ങളിലെ അവസ്ഥ അനുഭവിച്ചവർക്കേ അറിയാവൂ.
അസിഡിറ്റിയുള്ളവർ അതിനെ വർദ്ധിപ്പിക്കുന്ന ആഹാരവും മരുന്നും ഉപയോഗിച്ച് അവ വീണ്ടും വർദ്ധിപ്പിക്കുന്ന തരത്തിൽ സ്വയം ചികിത്സ ചെയ്യുന്ന രീതിയും കാണുന്നുണ്ട്.
വേദനാസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, കൊളസ്ട്രോളിനുള്ള സ്റ്റാറ്റിൻ മരുന്നുകൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, തിളയ്ക്കുന്ന ചൂടോടെ കുടിക്കുന്ന ചായയും കാപ്പിയും, സോഡാ, സോഡാനാരങ്ങ വെള്ളം, കോള, അച്ചാറുകൾ, വറുത്തതും പൊരിച്ചതും, മാംസാഹാരം, മസാല തുടങ്ങിയ പലതും പല അളവിൽ അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കുന്നവയാണ്. ഉപവാസവും അസിഡിറ്റിയെ വർദ്ധിപ്പിക്കാം.