population

നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരള സംസ്ഥാനത്ത് നാം നേരിടുന്ന ദൈനംദിന പ്രതിസന്ധികൾക്കുള്ള മൂലകാരണങ്ങൾ വിശകലനം ചെയ്യുന്നവരെല്ലാം, എപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന ഒരു പ്രധാന പ്രശ്നം അനിയന്ത്രിതമായി വർദ്ധിക്കുന്ന ജനസംഖ്യയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാർ തലത്തിൽ വളരെ ശുഷ്ക‌ാന്തിയോടെ പ്രവർത്തിച്ചിരുന്ന ഫാമിലി പ്ളാനിംഗ് വകുപ്പിനെപ്പറ്റി ഇപ്പോൾ കേൾക്കാനില്ല. ഭരണാധികാരികൾക്ക്, ജനസംഖ്യ നിയന്ത്രിക്കണമെന്ന് പറയാൻ പോലും വൈമുഖ്യം ഉള്ളതായി കാണുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ നിലനില്പിന് അവിടത്തെ ജനസംഖ്യ, നിലവിലുള്ള വിസ്തീർണത്തിനും സമ്പത്തിനും ഉത്‌പാദനത്തിനും ആനുപാതികമായിരിക്കണം. അല്ലെങ്കിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ഭക്ഷ്യ - ആരോഗ്യ മേഖലകളിലുള്ള അപര്യാപ്തതയും തൊഴിലില്ലായ്മയും ജനജീവിതം അസംതൃപ്തവും ഹാനികരവുമാക്കും. മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഉത്ഭവിക്കുന്നത് നമ്മുടെ നാട്ടിൽ വികസനങ്ങൾ ഇല്ലാഞ്ഞിട്ടല്ല. നാം മിക്കവാറും എല്ലാ തുറകളിലും സാരമായ അഭിവൃദ്ധി നേടുന്നുണ്ട്. പക്ഷേ അതിനെയെല്ലാം നിർവീര്യമാക്കുന്ന രീതിയിലാണ് ജനപ്പെരുപ്പം. ഒരു ചെറിയ ഉദാഹരണം പറയാം. കഴിഞ്ഞ 20 വർഷത്തിൽ നമ്മുടെ റോഡുകളും ഗതാഗത സൗകര്യങ്ങളും എത്രമാത്രം വികസിച്ചു. റെയിൽ ഗതാഗതത്തിൽത്തന്നെ മേന്മയേറിയ വികസനങ്ങൾ വന്നു. പക്ഷേ ഇപ്പോഴും തിരക്കും അസംതൃപ്തിയും കൂടിക്കൂടി വരുന്നു. ഭക്ഷ്യസുരക്ഷയിൽ അഭൂതപൂർവമായ അഭിവൃദ്ധി നേടിയത് കൊണ്ടാണ്, ജനപ്പെരുപ്പത്തിനെ തോല്പിച്ച് നമുക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നത്.

ഇന്ന് നമ്മൾ കാണുന്ന അനധികൃത കുടിയേറ്റങ്ങൾക്കും പരിസ്ഥിതി നാശത്തിനും മനുഷ്യജീവന് വിലയില്ലാതാക്കുന്ന ദാരുണ പ്രകൃതി ദുരന്തങ്ങൾക്കും പ്രധാന കാരണങ്ങളിൽ ഒന്ന് അമിതമായ, അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവാണ്. കൃഷിഭൂമിയും പാർപ്പിട സൗകര്യവും ദിനംപ്രതി അപര്യാപ്തമായിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങൾ കാടും മലയും വെട്ടിത്തെളിച്ച് ജീവിതമാർഗങ്ങൾ തേടുന്നത് സ്വാഭാവികം. ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ഒരു ജനപ്രതിനിധിക്കും ഇതിനെതിരെ പരസ്യമായി ശബ്ദമുയർത്താൻ കഴിയില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കഴിയാത്ത പ്രതിനിധികൾ ജനങ്ങൾക്ക് അസ്വീകാര്യരാകും എന്ന് നമുക്കെല്ലാം അറിയാം. പാർപ്പിട നിർമ്മാണത്തിനും കൃഷിക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ഭൂമി തികയാതെ നട്ടം തിരിയുന്ന കേരളത്തിൽ പരിസ്ഥിതി ആഘാത പരിഹാര നിയമങ്ങൾ അയവില്ലാതെ പരിപാലിക്കേണ്ടിവന്നാൽ ജീവിതം കൂടുതൽ ദുസ്സഹമാകും. ദൈനംദിന ജീവിതത്തിന് അത്യാവശ്യ കാര്യങ്ങൾ നിറവേറ്റാൻ പോലും അസാധാരണ കാലതാമസം വരുമ്പോൾ ജനം പ്രതിഷേധിക്കും; അക്രമാസക്തരാകും. ഇതെല്ലാം നാം കാണുന്നുണ്ട്.

അന്യരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ഒരു നല്ല ശതമാനം കേരള ജനത വസിക്കുന്നത് കൊണ്ടാണ് ജനപ്പെരുപ്പത്തിന്റെ ഭീകരത പൂർണ തോതിൽ മനസിലാകാത്തത്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാവരും സമ്മതിച്ചാലും ജനസംഖ്യാ നിയന്ത്രണത്തെപ്പറ്റി സംസാരിക്കാൻ അധികാര സ്ഥാനത്തിരിക്കുന്നവർക്ക് വിമുഖതയാണ്. ജനങ്ങളുടെ നന്മക്കും നീതിക്കും പൊതുവായ അഭിവൃദ്ധിക്കും വേണ്ടി വിഭാഗീയത കൂടാതെ തന്നെ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കേണ്ടിയിരിക്കുന്നു. ജനശക്തി വർദ്ധിക്കുന്തോറും ഉത്‌പാദനം കൂടുമെന്നത് പൊതു തത്വമാണെങ്കിലും ഒരു പരിധിക്കപ്പുറം വർദ്ധിച്ചാൽ രാജ്യത്തിന്റെ നിലനില്പിനെ വിപരീതമായി ബാധിക്കും. പഴയതുപോലെ ശാസ്ത്രീയമായ ജനസംഖ്യാ നിയന്ത്രണ സംവിധാനങ്ങൾ ജനപിന്തുണയോടെ നടപ്പാക്കാൻ ഭരണത്തിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.