pankajakshan

കെ. പങ്കജാക്ഷന്റെ എട്ടാം ചരമവാർഷികം നാളെ

ആർ.എസ്.പിക്ക് കേരള രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം നേടിക്കൊടുത്തതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ് കെ. പങ്കജാക്ഷൻ. ഏഴ് ദശകക്കാലം പാർട്ടിയുടെ അരങ്ങത്തും അണിയറയിലും മുഴങ്ങിയ ശബ്ദം.അഞ്ച് തവണ കേരളത്തിൽ മന്ത്രിയായിരുന്നിട്ടുള്ള പങ്കജാക്ഷൻ, ഉദ്യോഗസ്ഥയായ ഭാര്യ വായ്പയെടുത്ത് സ്ഥലം വാങ്ങി വീടുവച്ചില്ലായിരുന്നെങ്കിൽ വീടില്ലാത്ത ആളാകുമായിരുന്നു. ആ വലിയ മനുഷ്യനെ അടുത്തറിഞ്ഞ വ്യക്തിയെന്ന നിലയിലാണിത് പറയുന്നത്. 1982ൽ ആർ.എസ്.പി സംസ്ഥാനകമ്മിറ്റി ഓഫീസിൽ ഓഫീസ് അസിസ്റ്റന്റായി എത്തിയപ്പോൾ തുടങ്ങിയതാണ് എന്റെ അടുപ്പം.

ആർ.എസ്.പിയുടെ ആരംഭം മുതൽ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായി മാറിയ പങ്കജാക്ഷൻ, പേട്ട വെടിവയ്പ്, സർ സി.പിയെ വെട്ടൽ തുടങ്ങിയ സമരചരിത്രങ്ങളിൽ നിന്നാണ് രാഷ്ട്രീയപാഠം ഹൃദിസ്ഥമാക്കിയത്. അധികാരത്തിന്റെ മത്ത് പിടിക്കാത്ത ജനകീയനേതാവായിരുന്നു.

സ്വന്തം പ്രസ്ഥാനത്തിലെ അതികായന്മാരെ പോലെ ട്രേഡ് യൂണിയൻ രംഗത്ത് വരുംതലമുറയ്ക്ക് പഠിക്കാനും അനുകരിക്കാനുമുള്ള ഒട്ടേറെ അനുഭവങ്ങൾ പങ്കൻസാർ സമ്മാനിച്ചിട്ടുണ്ട്. കൊല്ലം ചവറ സംഭവം എന്നറിയപ്പെട്ട 1955 ഒക്ടോബർ അഞ്ചിലെ തൊഴിലാളി സമരത്തോടനുബന്ധിച്ച് ആർ.എസ്.പിയിലെ തിരഞ്ഞെടുക്കപ്പെട്ട 300ലധികം പ്രവർത്തകരുമായി സെക്രട്ടേറിയറ്റിനകത്ത് കയറി നിയമസഭാമന്ദിരം പിക്കറ്റ് ചെയ്ത പങ്കജാക്ഷൻ ഏറ്റുവാങ്ങിയത് പോലുള്ള പൊലീസ് മർദ്ദനം ഇന്നുവരെ മറ്റൊരു രാഷ്ട്രീയനേതാവും ഏറ്റുവാങ്ങിയിട്ടുണ്ടാവില്ല.

പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പോലും ഓഫീസ് ഫോൺ സ്വന്തം കാര്യത്തിനുപയോഗിക്കാത്ത നേതാവായിരുന്നു. പാർട്ടിയായിരുന്നു ആ മനുഷ്യനെല്ലാം. എൻ. ശ്രീകണ്ഠൻ നായർക്കും ബേബിജോണിനും ശേഷം ആർ.എസ്.പിയുടെ അമരത്തെത്തിയ നേതാവാണ് പങ്കജാക്ഷൻ. ഇവരിരുവരുടെയും വേർപാടിൽ വിങ്ങിപ്പൊട്ടുമായിരുന്നു അദ്ദേഹം. 1970 മുതൽ രണ്ട് പതിറ്റാണ്ടോളം കേരള നിയമസഭാംഗം. തിരുവനന്തപുരം പേട്ടയിലെ പ്രശസ്തമായ തോപ്പിൽ കുടുംബാംഗമായിരുന്നു. 1927 ഡിസംബറിൽ ജനിച്ച അദ്ദേഹം 1943 കാലഘട്ടത്തിൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായ പങ്കജാക്ഷൻ കേരളത്തെ രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നയിച്ച പോരാട്ടങ്ങളിലെ മുന്നണിപ്പടയാളിയായി.

2010ൽ കെ.കരുണാകരൻ അന്തരിച്ച ദിവസം രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചതറിഞ്ഞ് വീട്ടിൽ നിന്ന് പങ്കജാക്ഷൻസാർ ഇറങ്ങി. കോർപ്പറേഷനോഫീസിന് മുന്നിലെത്തിയപ്പോൾ കാർ പൊലീസ് തടഞ്ഞു. പ്രധാനമന്ത്രി മൻമോഹൻസിംഗും സോണിയഗാന്ധിയും വരുന്നത് മൂലമുള്ള സുരക്ഷാപ്രശ്നം. കാറിൽ നിന്നിറങ്ങിയ സാർ പൊലീസുകാരോട്, നടന്നുപോകാമല്ലോയെന്ന് ചോദിച്ചു. എന്നിട്ടിറങ്ങി നടന്നുതുടങ്ങി. പന്തികേട് മനസ്സിലാക്കിയ സാറിന്റെ ഡ്രൈവറെന്നെ വിളിച്ചു. സാറിന് ഫോൺ കൊടുക്കാൻ പറഞ്ഞു. 'ഞാനിഴഞ്ഞെങ്കിലും പോകുമെടേ, എനിക്കാ മനുഷ്യനെ കാണാതിരിക്കാനാവില്ല' എന്ന് മറുപടി.

നിർബന്ധിച്ചപ്പോൾ പി.എം.ജിയിലെ ആർ.എസ്.പി ഓഫീസിലേക്ക് വരാൻ തയാറായി. സെക്രട്ടേറിയറ്റ് ഡർബാർഹാളിൽ കരുണാകരന്റെ മൃതദേഹമെത്തിക്കുമ്പോൾ കാണാമെന്ന് ഞാൻ പറഞ്ഞു. നേരത്തേ തന്നെ ഞങ്ങളെത്തി. സാറിനെ മുൻനിരയിലിരുത്തി. മുഖ്യമന്ത്രി വി.എസ് വരുന്നതിനാൽ സുരക്ഷാഭടന്മാർ ഏവരെയും തള്ളിമാറ്റിത്തുടങ്ങി. ബൂട്ടിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ് സാറിന്റെ നഖമിളകി മുറിഞ്ഞ് ചോരയൊഴുകി. എങ്കിലും കരുണാകരന്റെ ഭൗതികശരീരം കണ്ടിട്ടേ അദ്ദേഹം മടങ്ങിയുള്ളൂ. തിരക്കൊഴിഞ്ഞ് സാറിനെ അന്വേഷിച്ച് ഞാൻ ചെന്നപ്പോൾ പ്രിയശിഷ്യൻ എൻ.കെ. പ്രേമചന്ദ്രന്റെ തോളത്ത് കൈയിട്ട് മുറിഞ്ഞ കാലുമായി നടന്നുവരുന്നു. എന്നോട് പറഞ്ഞു: 'ഞാനവിടെ (പരലോകത്ത്) ചെല്ലുമ്പോൾ പങ്കനെ കണ്ടില്ലല്ലോ എന്ന് ഇദ്ദേഹം (കരുണാകരൻ) ചോദിച്ചാൽ ഞാനെന്ത് പറയുമെടേ അനീ...'. മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഔദ്യോഗിക കാറിൽ പങ്കൻസാറിനെ ജനറലാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിലെത്തിച്ചു. ബസന്തും ബിനിയും ഡോ.ഇന്ദുവും ഭാഗ്യം ചെയ്തവർ. ഇത്രയും വലിയ മനുഷ്യന്റെ മക്കളായി പിറന്നതിന്.

(ആർ.എസ്.പി ഓഫീസ് മുൻ സെക്രട്ടറിയാണ് ലേഖകൻ,ഫോൺ : 9847930741)