കല്ലമ്പലം: നഗരൂരിൽ ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ച നാല് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ശിലാഫലകം അഡ്വ.ബി. സത്യൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. കളത്തറ മുക്ക് ജംഗ്ഷനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, നഗരൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ പി.എൽ. ഗീത, പഞ്ചായത്തംഗം ശോഭ, ഡി.സി.സി അംഗം എ. ഇബ്രാഹിംകുട്ടി, പേരൂർ നാസർ തുടങ്ങിയവർ സംസാരിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ജ്യോതി നന്ദിയും പറഞ്ഞു. നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കളത്തറമുക്ക് - കീഴ്പേരൂർ - വെള്ളല്ലൂർ, ആൽത്തറമൂട് - ആലത്ത് കാവ്, ഊന്നൻ കല്ല് - കേശവപുരം എന്നീ റോഡുകളാണ് സംരക്ഷണഭിത്തി, ഓടകൾ, ദിശാബോർഡുകൾ തുടങ്ങിയ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 10.25 കോടി രൂപ ചെലവിൽ നവീകരിച്ചത്.