-kodiyeri-balakrishnan

തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസ പ്രമേയം പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളൽവീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവയ്ക്കാനാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്‌ഷനിലുണ്ടായ തീപിടിത്തത്തെ ഉപയോഗിച്ച് കോൺഗ്രസും ബി.ജെ.പിയും കലാപത്തിന് ഇറങ്ങിപുറപ്പെട്ടിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ അഗ്നിബാധയെ തുടർന്ന് ബി.ജെ.പിയും കോൺഗ്രസും സംയുക്തമായാണ് കലാപത്തിനിറങ്ങിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പെട്ടെന്ന് അവിടെ എത്തിയതും സംശയാസ്പദമാണ്. സംഭവത്തെക്കുറിച്ചന്വേഷിക്കുമ്പോൾ കോൺഗ്രസ്, ബി.ജെ.പി ഇടപെടലും പരിശോധിക്കണം. തീപിടിത്തത്തിൽ ഏതാനും പേപ്പറുകളേ ഭാഗികമായി കത്തിപ്പോയുള്ളൂവെന്ന് വ്യക്തമായിട്ടും കള്ളക്കഥ മെനഞ്ഞെടുക്കാനാണ് ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഇവർ ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയൽ സംവിധാനത്തിലായതിനാൽ സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ വിവിധ ഉന്നതതലസംഘങ്ങളെ സർക്കാർ നിയോഗിച്ചുകഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സെക്രട്ടേറിയറ്റിൽ കയറി ആക്രമണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.