fire

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ തീപിടിത്തം വേറെ സന്ദർഭത്തിലായിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായതുമാതിരി വൻ വിവാദങ്ങളിലേക്കും സംഘർഷത്തിലേക്കും കത്തിപ്പടരുമായിരുന്നില്ലെന്നു തീർച്ച. യാദൃച്ഛികമായ ഒരപകടം എന്നതിനപ്പുറമുള്ള വാർത്താമൂല്യവും ലഭിക്കുമായിരുന്നില്ല. എന്നാൽ ഏതാനും ആഴ്ചകളായി സംസ്ഥാനത്തെ പിടിച്ചുലച്ച സ്വർണക്കടത്തുകേസിന്റെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ബന്ധപ്പെട്ട കോൺസുലേറ്റ് വിവാദത്തിന്റെയും പശ്ചാത്തലത്തിൽ ഈ തീപിടിത്തം വലിയൊരു മാനം കൈവരിച്ചതിൽ അത്ഭുതമൊന്നുമില്ല. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ ചിലതെങ്കിലും കത്തിനശിച്ച ഫയലുകളുടെ കൂട്ടത്തിലുണ്ടെന്നുകൂടി അറിയുമ്പോൾ തീപിടിത്ത സംഭവത്തിന് വിചാരിച്ചിരിക്കാത്ത പ്രാധാന്യവും സിദ്ധിക്കുന്നു. മറ്റൊന്നുകൂടിയുണ്ട്. സ്വർണക്കടത്തുകേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ചില സുപ്രധാന രേഖകൾ ആവശ്യപ്പെട്ടിരുന്നു. ചിലതു മാത്രമേ കൈമാറിയിട്ടുള്ളൂ. രേഖകൾ ലഭിക്കാതെ വന്നതിനെത്തുടർന്ന് സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പരിശോധന നടത്താൻ ഒരുങ്ങുകയാണെന്നു വാർത്തയും ഉണ്ടായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചതെന്നത് ഏറെ ദുരൂഹത പടർത്തുന്നു.

സെക്രട്ടേറിയറ്റ് ഇ - ഗവേണസിലേക്കു മാറിയ സാഹചര്യത്തിൽ ഫയലുകളിൽ ചിലത് കത്തിപ്പോയാലും പ്രശ്നമൊന്നുമില്ലെന്നും സെർവറിൽ നിന്ന് അവ വീണ്ടെടുക്കാവുന്നതേയുള്ളുവെന്നും സർക്കാർ ഭാഗത്തുനിന്ന് വിശദീകരണമുണ്ട്. എന്നാൽ കത്തിയമർന്ന ഫയലുകളിൽ പലതും കമ്പ്യൂട്ടറിലേക്കു ശേഖരിക്കപ്പെട്ടവയല്ലെന്നാണ് സൂചന. രേഖകൾ മനഃപൂർവം നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ ഉടനെ തന്നെ രംഗത്തു വരികയും ചെയ്തു. അവരുടെ സംശയങ്ങൾക്ക് ബലമേകുന്ന തരത്തിലാണ് ചീഫ് സെക്രട്ടറിയടക്കം സംഭവത്തെ നേരിട്ട രീതിയെന്നു പറയാതെ വയ്യ. തീപിടിത്തത്തിനുള്ള കാരണം സംബന്ധിച്ച് അധികൃതരിൽ നിന്നുണ്ടായ വിശദീകരണങ്ങളിലെ വൈരുദ്ധ്യവും വിവാദങ്ങൾക്ക് ആവോളം എണ്ണ പകർന്നു എന്നതും സ്പഷ്ടമാണ്. സ്വർണക്കടത്തുകേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരിൽ ചിലരുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന സി.സി.ടിവി ദൃശ്യങ്ങൾ പകർത്തി നൽകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. ഇനിയും അതു നൽകിയിട്ടില്ല. സെക്രട്ടേറിയറ്റിലെ 88 കാമറകളിലെ വിവരങ്ങളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. അതിനിടെ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉൾപ്പെടെയുള്ളവയിലെ കാമറകളിൽ ചിലത് ഇടിമിന്നലേറ്റ് കേടായതിനാൽ ദൃശ്യങ്ങൾ നൽകാൻ കഴിയാതിരുന്നതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴത്തെ തീപിടിത്തത്തിൽ എൻ.ഐ.എ ആവശ്യപ്പെട്ട ഫയലുകളിൽ ചിലതും നഷ്ടമായിട്ടുണ്ടെന്ന കണ്ടെത്തൽ കൂടിയാകുമ്പോൾ സ്വർണക്കടത്തു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണിതൊക്കെ എന്ന് പ്രതിപക്ഷം സംശയിച്ചാൽ എങ്ങനെ അവരെ കുറ്റപ്പെടുത്താനാകും. ആർക്കും ഉണ്ടാകാവുന്ന സ്വാഭാവിക സംശയങ്ങളാണിതൊക്കെ. ആകസ്മികമായ അനിഷ്ടസംഭവങ്ങളുടെ പേരിൽ ഇല്ലാത്ത കഥകൾ മെനഞ്ഞ് സംശയത്തിന്റെ പുകമറ പരത്തരുതെന്ന് സർക്കാർ വൃത്തങ്ങൾ അഭ്യർത്ഥന നടത്തുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു വലിയ പ്രസക്തിയൊന്നുമില്ല. തീപിടിത്തത്തെക്കുറിച്ച് പൊലീസ് തലത്തിലും സെക്രട്ടേറിയറ്റ് തലത്തിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ കാരണം ഈ അന്വേഷണങ്ങളിൽ തെളിയുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ.

തീപിടിത്ത സംഭവം ഏറെ ഗൗരവമേറിയതാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. അതുപോലെ തന്നെയാണ് ഇതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് വളപ്പിലും പുറത്തും അരങ്ങേറിയ നിർഭാഗ്യകരമായ സംഭവ പരമ്പരകൾ. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ വാർത്ത പുറത്തറിഞ്ഞ നിമിഷം തന്നെ അങ്ങോട്ട് വിവിധ പാർട്ടികളിൽപ്പെട്ടവർ ഓടിയെത്തിയതിൽ അസ്വാഭാവികതയൊന്നുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ഓടിക്കൂടുന്നവരാണ് പലപ്പോഴും അഗ്നിശമന യത്നങ്ങളിൽ ഏറെ സഹായിക്കാറുള്ളത്. എന്നാൽ സെക്രട്ടേറിയറ്റിൽ ഓടിക്കൂടിയവരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസും മറ്റും ചേർന്ന് അടിച്ചോടിക്കാനാണു ശ്രമിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ അഗ്നിശമന വിഭാഗം പെട്ടെന്നുതന്നെ തീ അണച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾക്കൊന്നും ഇടയായില്ല എന്നത് ആശ്വാസകരം തന്നെ. എന്നാൽ അന്വേഷണസംഘം ആവശ്യപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്ന വാർത്ത പരന്നതാണ് വലിയ തോതിലുള്ള പൊതുപ്രവർത്തകരുടെ സാന്നിദ്ധ്യം അവിടെ ഉണ്ടാകാൻ കാരണമായത്. മാദ്ധ്യമപ്രവർത്തകരെപ്പോലും പുറത്താക്കാൻ നടന്ന ശ്രമവും വിപരീത ഫലമാണുണ്ടാക്കിയതെന്ന് അധികൃതർ ഓർത്തില്ല. രംഗം വളരെയധികം വഷളാക്കിയതും മണിക്കൂറുകളോളം സെക്രട്ടേറിയറ്റും പരിസരങ്ങളും സംഘർഷത്തിൽ അമർന്നതും പൊലീസിന്റെയും ചീഫ് സെക്രട്ടറിയുടെയും ധാർഷ്ട്യം നിറഞ്ഞ സമീപനം കാരണമാണ്. കൊവിഡ് വ്യാപനം മൂർദ്ധന്യത്തിലെത്തിനിൽക്കുന്ന തലസ്ഥാന നഗരിയിൽ മണിക്കൂറുകളോളം ജനക്കൂട്ടം അഴിഞ്ഞാടിയിട്ടും അതു ഫലപ്രദമായി തടയാൻ പൊലീസിനു സാധിച്ചതുമില്ല. കൊവിഡ് പ്രോട്ടോക്കോൾ പോലും അമ്പേ കാറ്റിൽ പറത്തിയാണ് സമരക്കാരും പൊലീസും ബലപരീക്ഷ നടത്തിയത്. പ്രതിപക്ഷത്തെ ഉന്നത നേതാക്കളെപ്പോലും സെക്രട്ടേറിയറ്റ് വളപ്പിലേക്കു കടത്താതെ തടഞ്ഞുനിറുത്തിയതിലൂടെ സംഘർഷം ക്ഷണിച്ചുവരുത്തുകയാണു ചെയ്തത്.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ വീണുകിട്ടുന്ന ഏതു അവസരവും പരമാവധി മുതലാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അതൊക്കെ പതിവാണ്. അത്തരം സന്ദർഭങ്ങൾ കഴിവതും സൃഷ്ടിക്കാതിരിക്കുക എന്നതാണ് ഭരണത്തിലിരിക്കുന്നവർ ചെയ്യേണ്ടത്. തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഒരു ഫയലും നഷ്ടമായിട്ടില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അവകാശപ്പെടുന്നതെങ്കിലും പൗരസമൂഹത്തിനും അതു ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഉന്നതതല അന്വേഷണത്തിലൂടെ വേണം യഥാർത്ഥ സ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ. സ്വർണം കടത്തു കേസും മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിൽ വരുത്തിയ കാലതാമസമാണ് സന്ദേഹം അധികരിക്കാൻ മുഖ്യകാരണം. ഇപ്പോഴത്തെ തീപിടിത്തം കൂടിയായപ്പോൾ അത് ഒന്നുകൂടി വർദ്ധിക്കുകയാണ്. എന്നാൽ തീപിടിത്തത്തിന്റെ പേരിൽ സംസ്ഥാനമൊട്ടുക്കും സർഘർഷമുണ്ടാക്കി യുവജനങ്ങളെ ബലിയാടുകളാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത് അപലപനീയമാണ്. ഈ ഓണക്കാലത്ത് നാട്ടിൽ സമാധാനവും ശാന്തിയും നിലനിറുത്തി മനുഷ്യർക്ക് സ്വൈര്യം നൽകാനാണ് അവർ ശ്രമിക്കേണ്ടത്. നാടൊട്ടുക്കും സമര വേലിയേറ്റം സൃഷ്ടിച്ച് കൂടുതൽ കൊവിഡ് കേസുകൾ സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.