തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം ദിവസേന കൂടിവരികയാണ്. രോഗമുള്ളവർ മരുന്ന് കഴിച്ചല്ലേ പറ്റൂ. എന്നാൽ വളരെ നാൾ കഴിച്ചിട്ടും മരുന്നിന്റെ അളവും ബുദ്ധിമുട്ടും കൂടുന്നതല്ലാതെ അസുഖം കുറയുന്നില്ലെന്ന് പരാതിപറയുന്നവരുണ്ട്. എന്നാൽ അവർക്ക് അറിയാത്ത ഒരു കാര്യമുണ്ട്, മരുന്നുകൊണ്ടു മാത്രം തൈറോയ്ഡ് രോഗം പരിഹരിച്ചു കളയാമെന്നത് മിഥ്യാധാരണയാണ്. ഏതുതരം തൈറോയ്ഡ് രോഗമായാലും പാലിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.
ജീവിതചര്യ ക്രമപ്പെടുത്തുക എന്നതു തന്നെയാണ് ഇതിൽ പ്രധാനം. രാവിലെ അഞ്ചുമണിക്ക് എങ്കിലും ഉണരണം. വെറുംവയറ്റിൽ തന്നെ കുളിക്കുന്നതും. കുളിക്കുന്നതിനു മുമ്പ് ചായ, ബിസ്കറ്റ് എന്നിവ ഒഴിവാക്കണം. സമയത്തുള്ള ഭക്ഷണവും, പകലുറക്കം ഒഴിവാക്കലും, രാത്രി നേരത്തെ ഉറങ്ങുന്നതുമെല്ലാം ശരിയായ ചര്യകളിൽ ഉൾപ്പെടുന്നു.
ദഹനസംബന്ധമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം ക്രമീകരിച്ചാൽ അഥവാ അഗ്നിബലത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിച്ചാൽ തന്നെ പല രോഗങ്ങളിൽ നിന്ന് ഒഴിവാകാൻ സാധിക്കും. ഇന്ന് സാധാരണമായ അസിഡിറ്റി, ഗ്യാസ്, വായ്പ്പുണ്ണ്, മലബന്ധം, അർശസ്സ് തുടങ്ങിയ രോഗമുള്ളവർ ശരിയായ ദഹനം നോക്കുന്നവരല്ലെന്ന് നിസംശയം പറയാം.
ശരിയായ വ്യായാമമില്ലായ്മയും, താമസിച്ചുള്ള ഉണർന്നെഴുന്നേൽക്കലും, അധികനേരം ആലസ്യത്തോടെയുള്ള ഇരിപ്പും, അത്തരം ജോലികളും തൈറോയ്ഡ് രോഗത്തിന് കാരണമാകാറുണ്ട്. തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ലഘു വ്യായാമക്രമങ്ങൾ ശീലിക്കുകയാണ് വേണ്ടത്.
രാവിലെ ആഹാരത്തിനു മുമ്പ് തൈറോക്സിൻ മരുന്നുകൾ കഴിക്കുന്നവർ ഉടനെ പാൽ, ബിസ്കറ്റ്, മറ്റ് ആഹാരങ്ങൾ എന്നിവ കഴിക്കരുത്. അത് മരുന്നിന്റെ ആഗിരണം കുറയ്ക്കും. സോയ, പാലുൽപന്നങ്ങൾ, കാൽസ്യം, അയൺ, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയും തൈറോക്സിൻ ആഗിരണത്തെ കുറയ്ക്കും. ഇത്തരം മരുന്നുകൾ കഴിക്കുന്നവർക്ക് ശരിയായ പ്രയോജനം കിട്ടില്ലെന്ന് സാരം. പതിവായി ഉയർന്ന അളവിൽ തൈറോക്സിൻ കഴിക്കുന്നവരിൽ എല്ലുകൾക്ക് തേയ്മാനം, നെഞ്ചിടിപ്പ് ,ശരീരഭാരം കുറയുക, പ്രമേഹം തുടങ്ങിയവയും ഉണ്ടാകാം.
എന്തൊക്കെ ശ്രദ്ധിക്കണം?
അയഡിന്റെ ഉപയോഗം വർദ്ധിപ്പിക്കണം. മത്സ്യത്തിലും മറ്റുകടൽ വിഭവങ്ങളിലും അയഡിൻ സമൃദ്ധമാണ്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽമത്സ്യം കഴിക്കണം. കല്ലുപ്പ് ഉപയോഗിക്കണം. എന്നാൽ, മത്സ്യം ഭക്ഷിക്കാത്തവർക്ക് അയഡിൻ ഉപ്പ് തന്നെ വേണ്ടിവരും. ഏതു ഉപ്പ് ആയാലും അത് തുറന്നു വച്ചാലോ സൂര്യപ്രകാശം തട്ടിയാലോ അതിലെ അയഡിന്റെ സാന്നിധ്യം കുറഞ്ഞുപോകും. ഇരുണ്ടനിറമുള്ള പ്ലാസ്റ്റിക് ടിന്നുകൾ, മൺപാത്രങ്ങൾ, തടി പാത്രങ്ങൾ എന്നിവയിൽ ഇട്ട് മുറുക്കമുള്ള അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം ഉപ്പ് സൂക്ഷിക്കാൻ. നാലോ അഞ്ചോ തവണയായുള്ള ഭക്ഷണവും സമീകൃത ആഹാരവും ആരോഗ്യമുള്ള തൈറോയിഡിനെ നൽകും. പച്ചക്കറികൾ പ്രത്യേകിച്ച് അയഡിൻ സമ്പുഷ്ടമായ മണ്ണിൽ വിളഞ്ഞത്, പഴം ,ചിക്കൻ,മത്തി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ ,ചെമ്മീൻ, ഞണ്ട് ,കാരറ്റ്, അണ്ടിപ്പരിപ്പുകൾ, സ്ട്രോബറി,അരി, ഗോതമ്പ്, ബാർലി ,കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിൻ സമ്പുഷ്ടമായ ഭക്ഷണമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഖകരമാക്കാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
പഞ്ചസാരയും, കൃത്രിമ മധുരവും, നിറങ്ങളും, കൃത്രിമ രുചിയും ചേർത്ത ഭക്ഷണം ,ഫാറ്റ് ഫ്രീ, ഷുഗർ ഫ്രീ ,ലോഫാറ്റ് ഫുഡ് തടങ്ങിയ ലേബലുള്ള ഭക്ഷണങ്ങൾ, കടുക്, ചോളം ,മധുരക്കിഴങ്ങ്, മരച്ചീനി ,കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ല. എന്നാൽ നന്നായി വേവിച്ചാൽ കാബേജും കോളിഫ്ലവറും കഴിക്കാം. കപ്പ അഥവാ മരച്ചീനി നന്നായി വേവിച്ചത് കടൽ മത്സ്യം ചേർത്താണ് കഴിക്കുന്നതെങ്കിൽ കുഴപ്പമില്ല. അയഡിന്റെ ആഗിരണത്തെ തടയാനുള്ള കപ്പയുടെ കഴിവിനെ പ്രതിരോധിക്കാൻ കടൽ മത്സ്യത്തിന് സാധിക്കും.