protest

തിരുവനന്തപുരം:സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിച്ചതാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തമെന്ന് ആരോപിച്ച് ഇന്നലെ വിവിധ ബഹുജനസംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ച് പ്രതിഷേധ മാർച്ചുകളെത്തി.

ബി.ജെ.പി,യുവമോർച്ച,യൂത്ത്കോൺഗ്രസ്,കെ.എസ്.യു, മഹിളാകോൺഗ്രസ്,യൂത്ത് ലീഗ്, എസ്.ഡി.പി.ഐ. സംഘടനകൾ മാർച്ചുകളായി എത്തിയപ്പോൾ പ്രതിരോധിക്കാൻ പണിപ്പെട്ടത് പൊലീസാണ്. ടിയർഗ്യാസും ജലപീരങ്കികളും ഗ്രനേഡുമായാണ് പൊലീസ് മാർച്ചുകളെ നേരിട്ടത്. വൈകിട്ടെത്തിയ യൂത്ത് കോൺഗ്രസുകാരെ ലാത്തികൊണ്ട് അടിച്ചോടിക്കാനും ശ്രമിച്ചു.സർക്കാരിനെതിരെ രോഷവുമായെത്തിയവരെ തടയാൻ കൊവിഡിനുമായില്ല.

തിരുവനന്തപുരത്തിന് പുറമെ വിവിധ ജില്ലാകേന്ദ്രങ്ങളിലെ കളക്ട്രേറ്റുകളിലേക്ക് ബി.ജെ.പി. യുവമോർച്ച, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ മാർച്ച് നടന്നു. കണ്ണൂരിൽ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തിചാർജ്ജിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച വൈകിട്ടാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഒാഫീസറുടെ മുറിയിലുണ്ടായ തീപിടിത്തത്തിൽ ഫയലുകൾ കത്തിനശിച്ചത്. അപ്പോൾ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ യുവമോർച്ച പ്രവർത്തകരാണ് ആദ്യം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പടിക്കൽ നിന്ന് മുദ്രവാക്യങ്ങളുമായി എത്തിയ യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായപ്പോൾ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് ആർ.സജിത്തിന് പരിക്കേറ്റു.തുടർന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി പ്രതിഷേധിച്ചു. ഇതിനിടെ യൂത്ത് ലീഗുമെത്തി.ഇവരും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.അവർ‌ക്ക് നേരെയും ജലപീരങ്കി ചീറ്റി.തുടർന്നെത്തിയ എസ്.ഡി.പിഐ, കെ.എസ്.യു പ്രവർത്തകർക്കും ജലപീരങ്കി നേരിടേണ്ടിവന്നു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തടക്കം നിലത്ത് വീണു.കെ.എസ്. യു. മാർച്ചിൽ അക്രമം നടക്കുമ്പോഴാണ് മഹിളാകോൺഗ്രസ് മാർച്ച് എത്തിയത്. അവർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

വൈകിട്ട് നാലുമണിയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ച് സെക്രട്ടേറിയറ്റിലെത്തി . നോർത്ത് ഗേറ്റിലെത്തിയ പ്രതിഷേധക്കാർ ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്തിരിയാതെ വന്നതോടെ പൊലീസ് ലാത്തിവീശി. പലരും നിലത്ത് കിടന്ന് പ്രതിരോധിക്കാൻ ശ്രമിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രതിഷേധം മുൻകൂട്ടി കണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. 300 ലേറെ പൊലീസുകാരാണ് അണിനിരന്നത്. കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയും ഡി.സി.പി. ദിവ്യഗോപിനാഥും നഗരത്തിലെ സി.ഐ. മാരും സ്ഥലത്തുണ്ടായിരുന്നു. നോർത്ത് ഗേറ്റിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കും കന്റോൺമെന്റിലേക്കുള്ള റോഡും ബാരിക്കേഡ് തീർത്ത് അടച്ചുവെച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സമരമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും അതൊന്നും പ്രതിഷേധത്തിൽ കണ്ടില്ല.