photo

വിതുര: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വിതുര വലിയവേങ്കോട് വി.വി. ദായിനി സ്കൂളിന് പുതിയ മന്ദിരമൊരുങ്ങുന്നു. സ്കൂളിന് പുതിയ മന്ദിരം നിർമിക്കുന്നതിനായി കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർാത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ സ്കൂൾ സന്ദർശിക്കുകയും സഹായം നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പി.ടി.എ കമ്മിറ്റിയും എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. 1908ൽ കുടിപ്പള്ളിക്കുടമായിട്ടാണ് വി.വി ദായിനി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1922ൽ 50 സെന്റ് സ്ഥലവും,​ താത്കാലിക ഷെഡും സർക്കാർ ഏറ്റെടുത്തു. 1961ൽ യു.പി സ്കൂളായി ഉയർത്തി. ഇതോടെ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. മികച്ച അദ്ധ്യാപകരുടെ സേവനം കൂടിയായപ്പോൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. എന്നാൽ കാലക്രമേണ സ്കൂളിന് ശനിദശ ബാധിച്ചു. അഞ്ഞൂറോളം കുട്ടികൾ പഠിച്ചിരുന്ന ഇവിടെ ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇപ്പോൾ നൂറിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഓട് മേഞ്ഞ രണ്ട് കെട്ടിടങ്ങളിലായാണ് പരിമിതികൾക്കും പരാധീനതകൾക്കും നടുവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളാകട്ടെ മഴയത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.

പരിമിതികളേറെയെങ്കിലും

സ്കൂളിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്. സ്കൂൾ എന്നന്നേക്കുമായി അടച്ചുപൂട്ടുമെന്ന അവസ്ഥ വന്നപ്പോൾ പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും രക്ഷാകർത്താക്കളും രംഗത്തിറങ്ങി പ്രവർത്തിച്ചതിന്റെ ഫലമായാണ് സ്കൂൾ അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിസന്ധികൾക്കിടയിലാണ് പ്രവർത്തനമെങ്കിലും കലോത്സവങ്ങളിൽ മിന്നുന്ന വിജയം വി.വി ദായിനി സ്കൂൾ സ്വന്തമാക്കാറുണ്ട്. പഠന നിലവാരത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെയുണ്ട്.

നിർമ്മാണോദ്ഘാടനം ഇന്ന്

പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30 ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിക്കും. തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംന നവാസ്, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം തോട്ടുമുക്ക് അൻസർ, തോട്ടുമുക്ക് വാർഡ്‌ മെമ്പർ എം.പി. സജിത, പി.ടി.എ പ്രസിഡന്റ് ബിജു കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

നന്ദി രേഖപ്പെടുത്തി

വലിയവേങ്കാട് സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ തുക അനുവദിച്ച കെ.എസ്. ശബരീനാഥൻ എം.എൽ.എയ്ക്ക് കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റിയും മണലയം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നന്ദി രേഖപ്പെടുത്തി.