രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ക്ളേറ്റ് ഹീറോ കയറിവന്നത്. 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിക്കുന്ന ചാക്കോച്ചനെയാണ് കാണാൻ കഴിയുക. സിനിമയിൽ ഉടനീളം ചാക്കോച്ചനു കൂട്ടായി ആ ബൈക്കും കാണാം. 23 വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ആ സഹയാത്രികനെ കണ്ട സന്തോഷത്തിലാണ് ചാക്കോച്ചൻ. 'അനിയത്തിപ്രാവി'ൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ആ ബൈക്ക് കണ്ടു പിടിച്ച് താരത്തിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ് ഒരു ചാനൽ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകർ. തിരുവോണം നാളിൽ സംപ്രേഷണം ചെയ്യുന്ന ഓണം സ്‌പെഷ്യൽ എപ്പിസോഡിൽ കുഞ്ചാക്കോ ബോബൻ അതിഥിയായി എത്തിയപ്പോഴാണ് ഈ ഓർമ്മ പുതുക്കലിനു വേദി ഒരുങ്ങിയത്. പഴയ സഹയാത്രികനെ ഒന്നു ഓടിച്ചുനോക്കാനും ചാക്കോച്ചൻ മറന്നില്ല.
പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത 'ധന്യ' (1981) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ചാക്കോച്ചന്റെ നായകനായുള്ള അരങ്ങേറ്റം 1997ൽ റിലീസ് ചെയ്ത 'അനിയത്തിപ്രാവി' ലൂടെ ആയിരുന്നു. ഏറെ ഹിറ്റായ ചിത്രം നിരവധി ആരാധകരെയും ചാക്കോച്ചനു നേടിക്കൊടുത്തു. പിന്നീട് 'നിറം', 'കസ്തൂരിമാൻ', 'സ്വപ്നക്കൂട്', 'ദോസ്ത്', 'നക്ഷത്രത്താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.