വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ് കാരക്കോണത്തെ മൂന്നര ഏക്കറോളം വരുന്ന ഇരട്ടക്കുളം. രാജഭരണകാലത്ത് കുന്നത്തുകാൽ പഞ്ചായത്തിലെ കൃഷിക്ക് ആവശ്യമായ ജലം ഈ കുളത്തിൽ നിന്നുമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. ആദ്യം ഒരു കുളമാണ് ഉണ്ടായിരുന്നത്. പിന്നീട് നിർമ്മിച്ച മറ്റൊരു കുളവും കൂടെ കൂട്ടിചേർത്തതോടെയാണ് ഈ കുളം ഇരട്ടക്കുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ കുളം സംരക്ഷിക്കാതെ ഒരു പായൽ വളർത്തൽ കേന്ദ്രമായി മാറുകയും ഇവിടെ നിന്നും ജലം കൃഷിക്ക് ലഭിക്കാതെയാകുകയും ചെയ്തു. സമീപത്തെ കൃഷിയെല്ലാം നിലയ്ക്കുകയും ചെയ്തു. ആരും തിരിഞ്ഞുനോക്കാതായായതോടെ കുളത്തിന്റെ അധീനതയിലുള്ള വസ്തുക്കൾ പലരും കൈയേറി. കുളത്തിന്റെ സ്ഥിതി ഇത്രയും രൂക്ഷമായിട്ടും കുളം നവീകരണത്തിന് ആവശ്യമായ പദ്ധതികളൊന്നും തന്നെ അധികൃതർ സ്വീകരിച്ചിട്ടില്ല. കുളം നവീകരിച്ച് ജലം കെട്ടിനിറുത്തിയാൽ വേനലിൽ സമീപ പ്രദേശങ്ങളിലെ കർഷകർക്ക് വളരെ ഫലപ്രദമാകും. വ്യാപകമായ തോതിൽ വാഴ കൃഷിചെയ്യുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുന്നത്തുകാൽ. ഇതിനു പുറമെ മറ്റു കാർഷിക വിളകളും ഇവിടെയുണ്ട്. കർഷകരെ സഹായിക്കാൻ കുളം നവീകരിക്കണമെന്ന ആവശ്യവും ശക്തമായിതന്നെ പ്രദേശവാസികൾക്കിടയിൽ നിന്നുയർന്നിട്ടുണ്ട്.
കൈയേറ്റം രൂക്ഷം
അടുത്ത കാലത്ത് ചില സാമൂഹ്യ പ്രവർത്തകർ കുളം സംരക്ഷിക്കണമെന്നും കുളത്തിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിനെയും റവന്യൂ അധികൃതരെയും പരാതിയുമായി സമീപിച്ചു. ഇതിനെ തുടർന്ന് ഈ പരാതിക്ക് കഴമ്പുണ്ടെന്ന് കണ്ട പഞ്ചായത്ത് അധികൃതർ റവന്യൂ സർവേ അധികൃതരെക്കൊണ്ട് സ്ഥലം അളന്നു. കൈയേറ്റമുണ്ടെന്ന് കണ്ടെത്തി. 25സെന്റോളം വസ്തു കൈയേറ്റക്കാരിൽ നിന്നും തിരിച്ചുപിടിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറി. ഇത് പഞ്ചായത്ത് മതിൽകെട്ടി സംരക്ഷിക്കുകയാണ്.