കല്ലമ്പലം: അകാലത്തിൽ പൊലിഞ്ഞ ഹാസ്യകലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് ബി. സത്യൻ എം.എൽ.എയുടെ ഇടപെടലിൽ പുതിയ വീടൊരുങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എം.എൽ.എ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഷാബുവിന്റെ മൂന്ന് മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും എം.എൽ.എ കൈമാറി. കരവാരം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ വി.എസ്. പ്രസന്ന, സുനി പ്രസാദ്, പൊതുപ്രവർത്തകരായ സജീർ രാജകുമാരി, അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു. ഹൃദ്രോഗത്തെ തുടർന്നാണ് ഷാബുരാജ് മരണപ്പെട്ടത്. ഇതോടെ ഷാബുവിന്റെ തണലിൽ കഴിഞ്ഞിരുന്ന അസുഖബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. കടക്കെണിമൂലം നിർത്തിവച്ച വീടിന്റെ പണി പുനരാരംഭിക്കാനും ഇവർക്കായിരുന്നില്ല. തുടർന്നാണ് എം.എൽ.എ യുടെ അഭ്യർഥന മാനിച്ച് ദുബായിലെ സംരഭകൻ കോശി മാമന്റെയും ഭാര്യ ലീലാ കോശിയുടെയും സഹായത്തോടെ വീടിന്റെ പണി പൂർത്തിയാക്കിയത്.