kovalam

കോവളം: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാറുവിള ജംഗ്ഷനിൽ അപകടങ്ങൾ പതിവ് കാഴ്ചയാകുന്നു. പഞ്ചായത്ത് പരിധിയിൽ പൊതുമരാമത്ത് വകുപ്പിന്റെ മരപ്പാലം -നെല്ലിമൂട് റോഡിൽ വരുന്ന ഈ ജംഗ്ഷനിൽ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല്പത്തിരണ്ടോളം പേർ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം കുഴിവിളകോണം തുണ്ടുവിള വീട്ടിൽ റിട്ട. ഗവ. ജീവനക്കാരൻ മധുസൂദനൻ ഈ ജംഗ്ഷനിൽ വച്ച് നടന്ന അപകടത്തിൽ മരണപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള റോഡിലെ വാറുവിള ജംഗ്ഷനിലാണ് പഞ്ചായത്ത് നിർമ്മിച്ച ഇന്ദിരാജി റോഡ് വന്ന് ചേരുന്നത്. പഞ്ചായത്ത് റോഡിൽ നിന്നും ഉയരത്തിലൂടെയാണ് മരപ്പാലം -നെല്ലിമൂട് റോഡ് കടന്നുപോകുന്നത്. പഞ്ചായത്ത് റോഡിലെ കയറ്റത്തിൽ നിന്നും കയറി വരുന്ന വാഹനങ്ങൾ വാറുവിളയിലെ പൊതുമരാമത്ത് റോഡിൽ കയറുമ്പോൾ മരപ്പാലം ഭാഗത്തു നിന്നും അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുക ഇവിടെ പതിവാണ്. മൂന്ന് മാസം മുമ്പ് ഇവിടെ വെച്ച് പുന്നക്കുളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പഞ്ചായത്തിലെ കുഴിവിളക്കോണം, നെട്ടത്താന്നി, പുന്നക്കുളം, പയറ്റുവിള , മുക്കോല, ചപ്പാത്ത് എന്നിവിടങ്ങളിൽ നിന്നും സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി ആയിരത്തിലധികം വാഹനങ്ങളാണ് ഇന്ദിരാജി റോഡിലൂടെ കയറ്റം കയറി പൊതുമരാത്ത് വകുപ്പിന്റെ റോഡിൽ വന്നു ചേരുന്നത്. അപകടം പതിവായതിനെ തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർക്കും പൊതുമരാമത്ത് വകുപ്പിനും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡിൽ അപകടം ഒഴിവാക്കാൻ ബംബ്, റിഫ്ളക്ടർ എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.