ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ 'സുഭിക്ഷകേരളം' പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള 10 പൊതു കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യ കുഞ്ഞുങ്ങളുടെ ആദ്യ വിതരണം ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. ഗ്രാമം 9-ാം വാർഡിലെ പണ്ടാരകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു.

പതിനയ്യായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് വിവിധ കുളങ്ങളിലായി നഗരസഭ നിക്ഷേപിച്ചത്. ഇതിൽ കട്ല, രോഹു, ഗ്രാസ് കാർപ്പ് എന്നീ ഇനങ്ങളാണുള്ളത്. മൂന്ന് വർഷത്തേക്ക് 2000 രൂപ ഫീസ് ഈടാക്കിയ ശേഷമാണ് പൊതുകുളങ്ങൾ കൃഷിക്ക് നഗരസഭ വിട്ട് നൽകിയത്. വിവിധ ഗ്രൂപ്പുകളുടെയും, സംഘടനകളുടെയും നേതൃത്വത്തിലാണ് മത്സ്യ കൃഷി നടപ്പിലാക്കുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് പദ്ധതി പട്ടണത്തിൽ നടപ്പാക്കിയത്. ഈ കൗൺസിൽ അധികാരത്തിൽ വന്ന ശേഷം നിർവധി ഹെക്ടർ തരിശ് നിലങ്ങളും ഭൂമിയും ഏറ്റെടുത്ത് കൃഷി ചെയ്തും സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ്.

പണ്ടാരകുളം, പാറയിൽ അപ്പൂപ്പൻകുളം, ചിറ്റാറ്റിൻകരകുളം, കരിക്കോത്തികുളം, കോട്ടുമ്മൽകുളം, മീമ്പാട്ട്കുളം, കണ്ണങ്കരകോണംകുളം, ഹരിശ്രീകുളം, തോട്ടവാരംകുളം, മഠത്തിൽകോണംകുളം എന്നിവിടങ്ങളിലാണ് കൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വൈസ് ചെയർ പേഴ്സൺ ആർ.എസ്. രേഖ, സെക്രട്ടറി എസ്. വിശ്വനാഥൻ, വിവിധ വാർഡുകളിലെ കൗൺസിലർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.