ddd

കിളിമാനൂർ: ഓണത്തിന് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ടും കാർഷിക മേഖലയിലെ സ്വയം പര്യാപ്തത മുന്നിൽക്കണ്ടും സുഭിക്ഷ കേരളം പദ്ധതിയിൽ നടപ്പാക്കിയ ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതി കൊവിഡ്‌ കെടുതിയിൽ അരമുറം പോലും നിറഞ്ഞില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മഴക്കെടുതിയുമാണ്‌ വീട്ടുവളപ്പിലും സർക്കാർ സ്ഥാപനങ്ങളിലും നടലാക്കിയ പദ്ധതിയെ താളം തെറ്റിച്ചത്‌.

ലക്ഷ്യമിട്ടതിന്റെ പകുതിയിൽ താഴെ മാത്രമാണ് ഓണത്തിന് വിളവെടുക്കാൻ പാകമായത്‌. വിഷരഹിത ജൈവപച്ചക്കറി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൃഷിഭവനുകൾ മുഖാന്തരമാണ്‌ ഓണത്തിന്‌ ഒരുമുറം പച്ചക്കറി കൃഷി പദ്ധതി ആവിഷ്കരിച്ചത്‌. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷി ഭവനുകൾ വഴി അഞ്ചുലക്ഷത്തോളം പച്ചക്കറി വിത്തുകളാണ്‌ വിതരണം ചെയ്തത്‌. ലോക്ക്‌ ഡൗണ്‍ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷത്തേതുപോലെ എല്ലായിനം പച്ചക്കറി വിത്തുകളും ഇത്തവണ കർഷകർക്ക്‌ നൽകാനും സാധിച്ചിരുന്നില്ല.

പയർ, വെണ്ട, മുളക്‌ എന്നിവയുടെ വിത്തുകളാണ്‌ കൂടുതൽ പേർക്കും ലഭിച്ചത്‌. ആദ്യഘട്ടത്തിൽ പടവലം, പാവൽ, തക്കാളി എന്നിവയുടെ വിത്തുകളും വിതരണം ചെയ്തിരുന്നു.

വീട്ടു മുറ്റങ്ങളിലും മട്ടുപ്പാവിലും സർക്കാർ ഓഫീസ്‌ വളപ്പുകളിലുമാണ് പച്ചക്കറികൃഷി നടത്തിയതെങ്കിലും കൊവിഡ്‌ നിയന്ത്രണങ്ങൾ കാരണം കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടമോ സഹായങ്ങളോ കർഷകർക്ക് ലഭിച്ചില്ല. ജില്ലയിലെ സർക്കാർ സ്കൂൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും ഇത്തവണ ഓണത്തിന്‌ ഒരുമുറം പച്ചക്കറികൃഷി നടന്നില്ല. കഴിഞ്ഞ വർഷം റെക്കാഡ് വിളവെടുപ്പ് നടന്ന സ്ഥലങ്ങളിൽ പലയിടത്തും ഇത്തവണ വിത്തിടാനോ പരിപാലിക്കാനോ സാധിക്കാതിരുന്നതും ഉത്പാദനം കുറഞ്ഞു. കാലവർഷം വൈകിയതും പിന്നീടുണ്ടായ ശക്തമായ മഴയും കാറ്റും കൃഷിനാശത്തിനും കാരണമായി.