ബാലരാമപുരം: നട്ടെല്ലിൽ ക്യാൻസർ ബാധിച്ച് മരിച്ച ഏഴാം ക്ലാസുകാരി അഭിരാമിയുടെ കുടുംബത്തിനായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നിർമ്മിച്ച അഭിരാമി ഭവന്റെ പാലുകാച്ചൽ നാളെ രാവിലെ 9.30ന് നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കെ.എസ്.ടി.എ ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ഭവന സമർപ്പണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും താക്കോൽ ദാനം കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും നിർവഹിക്കും. കെ. ആൻസലൻ എം.എൽ.എ, സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, അദ്ധ്യാപക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
കെ.എസ്.ടി.എയുടെ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനത്തിൽ അദ്ധ്യാപകരിൽ നിന്ന് പിരിച്ച തുകയിൽ നിന്നാണ് അഭിരാമിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചത്. 2019 ഡിസംബറിലായിരുന്നു തറക്കല്ലിടൽ. രാമപുരം വാർഡിൽ താന്നിമൂട് താന്നിനിന്നവിള വീട്ടിൽ ഷീറ്റ് മേഞ്ഞ പൊളിയാറായ വീട്ടിലായിരുന്ന അഭിരാമിയും കുടുംബവും താമസിച്ചിരുന്നത്. അതിനിടെ അസുഖം ബാധിച്ച അഭിരാമി ചികിത്സയ്‌ക്കിടെ 2020 ഏപ്രിൽ ഒന്നിന് വെല്ലൂരിലാണ് മരിച്ചത്. കൽപ്പണിക്കാരനായ അജിയുടെയും വീട്ടമ്മയായ നിഷയുടെയും മകളാണ് അഭിരാമി. ഏക സഹോദരി അനഘ ശ്രീചിത്രാ ഹോം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.