തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമായ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ സമഗ്രാന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. തീപിടിത്തമുണ്ടായ ഉടനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സെക്രട്ടേറിയറ്റിനകത്തെത്തിയതിലും ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണിത്.
ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തീപിടിത്തത്തിന് പ്രതിപക്ഷം മറ്റൊരു രാഷ്ട്രീയമാനം ചമയ്ക്കുന്ന സാഹചര്യത്തിൽ, ഇതിനെ മറികടക്കാൻ സമഗ്രാന്വേഷണം വേണമെന്ന് മന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. അഡിഷണൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഗൂഢാലോചനയടക്കമുള്ളവയും ഉൾപ്പെടുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.നയതന്ത്രവിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തീപിടിത്തത്തിൽ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കിയത്. ചീഫ്സെക്രട്ടറി പോലും ഓഫീസിൽ നിന്ന് താഴേക്കെത്തുന്നതിന് മുമ്പ് ബി.ജെ.പി പ്രസിഡന്റ് എങ്ങനെ അവിടെയെത്തിയെന്നും പരിശോധിക്കും.
സെക്രട്ടേറിയറ്റിലെ സുരക്ഷ ശക്തമാക്കും
സെക്രട്ടേറിയറ്റിലെ സുരക്ഷ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കുന്നതിന് അടിയന്തര നടപടികളെടുക്കാൻ ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ആർക്കും കയറാവുന്ന അവസ്ഥയിലാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് .
ചീഫ്സെക്രട്ടറിക്ക് അഭിനന്ദനം
സംഭവത്തിന് പിന്നാലെ സെക്രട്ടേറിയറ്റിൽ നിന്ന് മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരെ ഉടൻ പുറത്താക്കാൻ നേരിട്ടിറങ്ങിയ ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ നടപടി സമയോചിതമായെന്ന്മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം വഷളാകാതിരിക്കാനുള്ള ഇടപെടലാണ് നടത്തിയത്. മന്ത്രിമാരും ഇതിനോട് യോജിച്ചു.തീപിടിത്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ചീഫ്സെക്രട്ടറി യോഗത്തിലവതരിപ്പിച്ചു.
പ്രോട്ടോക്കോൾ ഓഫീസിൽ ഏറെയും പേപ്പർ ഫയൽ
സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന പ്രചാരണം തെറ്റാണെന്ന് പൊതുഭരണവകുപ്പ്.
പ്രോട്ടോക്കോൾ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. പേപ്പർ രഹിത കമ്പ്യൂട്ടർ ഫയലുകളായ ഇ-ഫയലുകളും പരമ്പരാഗത രീതിയിലുള്ള പേപ്പർ ഫയലുകളും എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിലുള്ളത്. പൊളിറ്റിക്കൽ വിഭാഗത്തിലെ ആദ്യ ഘട്ട ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. .
തീപിടിത്തമുണ്ടായ പൊതുഭരണ വകുപ്പ് പൊളിറ്റിക്കലിന് മൂന്നു വിഭാഗങ്ങളാണുള്ളത്. ഇതിൽ പൊളിറ്റിക്കൽ 2 എ വിഭാഗത്തിൽ വി.ഐ.പി സന്ദർശനം, ഗസ്റ്റ് ഹൗസുകളിലെ റൂം, അനുവദിക്കൽ മന്ത്രമാരുടെ ആതിഥേയ ചെലവുകൾ എന്നിവയും 2 ബി വിഭാഗത്തിൽ സർക്കാരിന്റെ യോഗങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളും പൊളിറ്റിക്കൽ 5 വിഭാഗത്തിൽ മന്ത്റിമാരുടെ യാത്റാ വിവരങ്ങൾ, വി.വി.ഐ.പി പരിഗണന, സന്ദർശനങ്ങൾ ,മറ്റു നയതന്ത്റ അനുമതികൾ എന്നീ ഫയലുകളുമാണ് . നയതന്ത്റ പാഴ്സലിനു അനുമതി നൽകിയതും, ചോദിച്ചെത്തിയതുമായ രണ്ടു തരത്തിലുള്ള ഫയലുകളും എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ രണ്ടു വർഷത്തേയും, പിന്നീട് 2016 മുതലുള്ള മുഴുവൻ ഫയലുകളുമാണ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച അസി. പ്റോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ നേരിട്ടെത്തിയാണ് വിവരങ്ങൾ കൈമാറിയത്. തൊട്ടുപിന്നാലെയാണ് പ്രോട്ടോക്കോൾ വിഭാഗത്തിലെതീപിടിത്തം.