1

പൂവാർ: കൊവിഡ് വ്യാപനം തീരദേശമേഖലയെ നിശ്ചലമാക്കിയതോടെ ഇവിടങ്ങളിലെ വെയിറ്റിംഗ് ഷെഡുകൾ കാടുമൂടി നശിക്കാൻ തുടങ്ങിയിരിക്കുകയാണ്. പൂവാർ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചതോടെയാണ് ഈ വെയിറ്റിംഗ് ഷെഡ്ഡുകൾ നശിക്കാൻ തുടങ്ങിയത്. പൂവാർ ഡിപ്പോയിൽ നിന്നും വിഴിഞ്ഞം ഭാഗത്തേക്കും, കാഞ്ഞിരംകുളം വഴി ബാലരാമപുരത്തേക്കുമാണ് കൂടുതൽ ബസ് സർവീസുള്ളത്. ഈ റോഡുകളുടെ വശങ്ങളിലായി നാട്ടുകാരുടെ ശ്രമഫലമായി ഗ്രാമ പഞ്ചായത്ത് ഫണ്ടും,​ എം.എൽ.എ ഫണ്ടും ഉപയോഗിച്ചുമാണ് വെയിറ്റിംഗ് ഷെഡ്ഡുകൾ നിർമിച്ചിട്ടുള്ളത്. സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർവരെ ഈ വെയിറ്റിംഗ് ഷെഡ്ഡിനെ ആശ്രയിക്കാറുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവ ഉപയോഗശൂന്യമായതോടെ പാഴ്ച്ചെടികൾ വളർന്നും ഇരിപ്പിടങ്ങളിൽ പൊടിയും ചെളിയും നിറഞ്ഞും വൃത്തിഹീനമായിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ തെരുവ് നായ്ക്കളുടെയും വിശ്രമകേന്ദ്രങ്ങളായി വെയിറ്റിംഗ് ഷെഡ്ഡുകൾ മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൊവിഡ് വ്യാപനം നിയന്ത്രിതമാകുമ്പോൾ ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാകും. എന്നാൽ ഇവ വൃത്തിയാക്കിയാൽ മാത്രമേ വീണ്ടും ഉപയോഗിക്കാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്. വെയിറ്റിംഗ് ഷെഡ്ഡുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നാണ് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.