തിരുവനന്തപുരം: പമ്പാത്രിവേണിയിലെ പത്തുകോടിയിലേറെ മൂല്യമുള്ള മണൽ, ചെളിയെന്ന വ്യാജേന നീക്കാൻ കരാറുകാർക്ക് അനുമതി നൽകിയതിൽ പ്രഥമദൃഷ്‌ട്യാ അഴിമതിയുണ്ടെന്ന വിജിലൻസ് കോടതിയുടെ വിലയിരുത്തൽ സർക്കാരിന് വൻ പ്രഹരമായി.
സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് വിജിലൻസ് കോടതി അന്വേഷണം വിജിലൻസിന് വിട്ടത്. 40ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ അനിൽകാന്തിന് ഉത്തരവും നൽകി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടിയതെന്ന ചെന്നിത്തലയുടെ അഭിഭാഷകൻ ജി.ശശീന്ദ്രന്റെ വാദം കോടതി അംഗീകരിച്ചു.
അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവാതെ, പല്ലുകൊഴിഞ്ഞ സിംഹമായി വിജിലൻസ് മാറിയെന്ന് ഓഗസ്റ്റ് നാലിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ പമ്പ മണൽക്കടത്ത് നീക്കത്തിൽ അന്വേഷണത്തിന് സർക്കാർ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം മണൽ നീക്കാൻ കളക്ടർക്ക് അധികാരമുണ്ടെന്നും സെക്‌ഷൻ -73പ്രകാരം കളക്ടർക്കെതിരെ കേസോ പ്രോസിക്യൂഷനോ നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ ഉത്തരവ്. ഇതിനെതിരെയാണ് ചെന്നിത്തല ഹർജി നൽകിയത്.
വനംവകുപ്പ് രണ്ട് തവണ ഇ-ലേലത്തിലൂടെ വിൽക്കാൻ ശ്രമിച്ച 90,000 ടൺ ശുദ്ധമണലാണ് മാലിന്യമാക്കി കൊള്ളയടിക്കാൻ ശ്രമിച്ചത്. വനം വകുപ്പ് ആദ്യം ടണ്ണിന് 2777രൂപ വിലയിട്ടെങ്കിലും കൂടുതലാണെന്ന് ടെൻഡറിനെത്തിയ രണ്ട് കമ്പനികളും പറഞ്ഞതോടെ വില 1200രൂപയാക്കി കുറച്ചു. അതുപ്രകാരം മണലിന് 10.80കോടി മൂല്യമുണ്ട്. മണൽവിൽപ്പനയ്ക്ക് വനംവകുപ്പ് ചീഫ്സെക്രട്ടറിയുടെ അനുമതി തേടിയെങ്കിലും ഫയൽ ഒരുവർഷം വച്ച്താമസിപ്പിച്ച ശേഷം വിരമിക്കുന്നതിന്റെ തലേന്ന് കളക്ടറെക്കൊണ്ട് മണൽ നീക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
അട്ടിമറികൾ ഇങ്ങനെ
@ദുരന്തനിവാരണ നിയമ പ്രകാരം മാലിന്യം നീക്കാനേ കളക്ടർക്ക് അധികാരമുള്ളൂ. ഇതിനായി തിരുവല്ല സബ്‌കളക്ടറെക്കൊണ്ട് രണ്ടുദിവസം പരിശോധിച്ച് മണൽ മാലിന്യമാക്കി മാറ്റി.
@പിന്നാലെ കളക്ടറും സമാന ഉത്തരവിറക്കിയെങ്കിലും അദ്ദേഹം തിരിമറികളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഉത്തരവ് റവന്യൂവകുപ്പ് പോലും അറിഞ്ഞില്ല.
@ദേവസ്വം ബോർഡിന് 20,000ഘനയടി, വൻകരാറുകാർക്ക് 55,000ഘനയടി, സാധാരണക്കാർക്ക് ഭവനനിർമ്മാണത്തിന് 15,000ഘനയടി വീതം മണൽ നൽകാനായിരുന്നു വനംവകുപ്പ് നിർദ്ദേശം. ഇതെല്ലാം അട്ടിമറിച്ചു.
@കണ്ണൂർ കേരള ക്ളേയ്സ് ആൻഡ് സിറാമിക് പ്രെെവറ്റ് ലിമിറ്റഡിന് മണൽനീക്കാൻ ടെൻഡറില്ലാതെ കരാർ നൽകി. കമ്പനിമേധാവിയെ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ പങ്കെടുപ്പിച്ചു. കരാറെടുത്ത കമ്പനി സ്വകാര്യകരാറുകാരന് മണൽ മറിച്ചു വിറ്റു. മണൽനീക്കുന്നത് വനംവകുപ്പ് തടഞ്ഞു.
അന്വേഷണം ഇവർക്കെതിരെ
@മുൻചീഫ്സെക്രട്ടറി ടോംജോസ്
@പത്തനംതിട്ട കളക്ടർ പി.ബി.നൂഹ്
@ക്ളേയ്സ് ആൻഡ് സിറാമിക് എം.ഡി ഗോവിന്ദൻ
@ചെന്നിത്തലയുടെ ഹർജി അനുവദിച്ചു
പമ്പാമണൽ കടത്ത് നീക്കം
വിജിലൻസ് അന്വേഷിക്കും
@റിപ്പോർട്ട് 40 ദിവസത്തിനകം സമർപ്പിക്കണം
തിരുവനന്തപുരം:കോളിളക്കമുണ്ടാക്കിയ പമ്പാമണൽ കടത്ത് ശ്രമ കേസ് വിജിലൻസിന് കെെമാറിയ പ്രത്യേക വിജിലൻസ് കോടതി 40 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. മണൽ നീക്കത്തിലൂടെ സർക്കാർ കോടികളുടെ അഴിമതിക്കാണ് ശ്രമിച്ചതെന്നും വിജിലൻസ് അന്വേഷിക്കണമെന്നും കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്.
പ്രഥമദൃഷ്‌ട്യാ അഴിമതി കണ്ടെത്തിയാൽ കേസ് എടുക്കാൻ വിജിലൻസിനോട് നിർദ്ദേശിക്കാൻ സർക്കാർ അനുമതി വേണ്ടെന്ന ചെന്നിത്തലയുടെ വാദം കോടതി അംഗീകരിച്ചു.
പത്തനംതിട്ട കളക്ടറും ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനുമായ പി.ബി.നൂഹ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കണ്ണൂരിലെ കേരള ക്ളേയ്സ് ആൻഡ് സിറാമിക്സിന്റെ എം. ഡി എന്നിവരാണ് എതിർ കക്ഷികൾ.
@ചെന്നിത്തലയുടെ വാദങ്ങൾ
ശുദ്ധമായ 90,000 ടൺ മണൽ അടക്കം മാലിന്യമെന്ന പേരിൽ നീക്കാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിലൂടെ 10.80 കോടി രൂപയുടെ അഴിമതിക്കാണ് സർക്കാർ ശ്രമിച്ചത്. മണൽ വിൽക്കാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇക്കാര്യം കാട്ടി വനം വകുപ്പ് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് ഫയൽ നൽകി. ഫയൽ വച്ച് താമസിപ്പിച്ച ടോം ജോസ് താൻ വിരമിക്കുന്നതിന്റെ തലേന്ന് സ്ഥലത്തെത്തി ജില്ലാ കളക്ടറെ കൊണ്ട് ദുരന്ത നിവാരണ നിയമ പ്രകാരം നദിയിലെ മാലിന്യം നീക്കാൻ ഉത്തരവ് ഇറക്കി. ഈ പഴുതിൽ 90,000 ടൺ ശുദ്ധ മണലിനൊപ്പം 31,000 ടൺ മാലിന്യം കൂടി ഉൾപ്പെടുത്തി 1,21,000 ടൺ മാലിന്യം നീക്കാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകുകയായിരുന്നു.
ഫയലിൽ മണലിന്
പകരം മാലിന്യം !
@അഴിമതിക്ക് കളമൊരുക്കാൻ റിപ്പോർട്ടുകൾ തിരുത്തിച്ചു
തിരുവനന്തപുരം: പമ്പയിൽ പ്രളയത്തിൽ അടിഞ്ഞത് 75,000 ഘനമീറ്റർ മണലാണെന്ന് സബ് കളക്ടറുടെ സമിതി കണ്ടെത്തിയിരുന്നു. ഒരു ടിപ്പറിലെ ലോഡ് അഞ്ച് ഘനമീറ്ററാണ്. 4000 ലോഡ് ദേവസ്വംബോർഡിന് നൽകാൻ കളക്ടർ നിർദ്ദേശിച്ചു. ബോർഡ് 450ലോഡ് മാറ്റി. പിന്നീട് ഒറ്റ സർക്കാർ ഫയലിലും മണൽ എന്ന വാക്കില്ല. പകരം മാലിന്യമെന്നായി. മണ്ണ്, മാലിന്യം, പ്ലാസ്റ്റിക്, തീർത്ഥാടകർ ഉപേക്ഷിച്ച തുണി എന്നൊക്കെയായി കണ്ണൂരിലെ കമ്പനിയുമായുണ്ടാക്കിയ കരാറിൽ. അപകടം മണത്ത കളക്ടർ മണലുണ്ടെന്ന് രേഖാമൂലം ചീഫ്സെക്രട്ടറിയെ അറിയിച്ചു. പിറ്റേന്ന് ചീഫ്സെക്രട്ടറി ടോംജോസ്, അടുത്ത ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹറ എന്നിവർ ഹെലികോപ്ടറിൽ പമ്പയിൽ പറന്നെത്തി. ഇതിനു പിന്നാലെ കളക്ടർ ഇറക്കിയ ഉത്തരവിലും മണൽ എന്ന വാക്ക് ഒഴിവാക്കി.