തിരുവനന്തപുരം: 2018 മൺസൂണിന് ശേഷം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കടലാക്രമണത്തിൽ കേടായ മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ പൂർണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗിക നഷ്ടത്തിന് 2.4 കോടിയുമുൾപ്പെടെ 2.92 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ചത്.
2003ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.
ആർ. സേതുനാഥൻ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറാക്കും. വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരിച്ച നിഖിലിന്റെ (ഏഴ്) രക്ഷാകർത്താക്കൾക്ക് 5 ലക്ഷം രൂപ അനുവദിച്ചു. പി.കെ. സുധീർബാബുവിനെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിംഗ് ഡയറക്ടറാക്കാനും തീരുമാനിച്ചു.
ലൈഫ് പദ്ധതി: സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതർ ലൈഫ് പദ്ധതിക്കായി വാങ്ങുന്ന ഭൂമിക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങുന്നവയ്ക്കും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കും.