n
25ന് കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീരിച്ച വാർത്ത

തിരുവനന്തപുരം: അദ്ധ്യാപികയാവുക എന്ന സ്വപ്നത്തിലേക്ക് ഡോ.ടി.സുധ എത്തുകയാണ്. ബി.എഡും എം.എയും എം.ഫിലും പിഎച്ച്.ഡിയും നേടിയിട്ടും നിരവധി തവണ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാതെ തൊഴിലുറപ്പ് ജോലിക്കു പോകേണ്ടിവന്ന വാർത്ത 'കേരളകൗമുദി'യിലൂടെ വായിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വിവാദം കത്തുന്നതിനിടയിലും കാഞ്ഞിരംകുളം പഞ്ചായത്തിലെ ഊറ്ററയിലുള്ള സുധയുടെ വീട് തേടിപ്പിടിച്ചെത്തി.

അവിടെയിരുന്നുകൊണ്ടു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിനെയും പി.എസ്.സി ചെയർമാൻ എം.കെ.സക്കീറിനെയും ഫോണിൽ വിളിച്ച് പ്രശ്നത്തിൽ ഇടപെട്ട് സഹായിക്കണമെന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. അടുത്ത മാസം അവസാനിക്കുന്ന കോഴിക്കോട് ജില്ലിയിലെ എച്ച്.എസ്.എ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയോ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചോ സുധയ്ക്ക് ജോലി ഉറപ്പാക്കുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനം പി.എസ്.സി ചെയർമാനുമായി സംസാരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. പി.എസ്.സി ചെയർമാനോടും ഇതൊരു സ്പെഷ്യൽ കേസായി പരിഗണിക്കണമെന്ന് ചെന്നിത്തല പറ‌ഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകും.

ഇന്നലെ വൈകിട്ട് നാലോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുധയുടെ വീട്ടിലെത്തിയത്. ആദ്യം അമ്പരന്നുനിന്ന സുധ മക്കൾ അഭിതയെയും ബിഭിതയെയും കൂട്ടി സ്വീകരിച്ചു. വിവരം അറിഞ്ഞ് സുധയ്ക്കൊപ്പം തൊഴിലുറപ്പിനു പോകുന്ന സുഗന്ധിയും വിജയകുമാരിയും ഓടിയെത്തി. ''ഇന്നലെ കേരളകൗമുദിയിലെ ഒന്നാം പുറത്തെ സുധയെക്കുറിച്ചുള്ള വാർത്ത വായിച്ചപ്പോൾ സങ്കടം തോന്നി. ഞാൻ ഹിന്ദി വിശാരദ് പരീക്ഷ പാസായ ആളാണ്.'' ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ എം.വിൻസെന്റ് എം.എൽ.എ,​ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു,​ പ്രാദേശിക നേതാക്കളായ ശിവകുമാർ,​ ലെനിൻ,​ സരസൻ എന്നിവരെയും കൂട്ടിയാണ് ചെന്നിത്തല ഊറ്ററയിലെത്തിയത്.

''സർക്കാർ ജോലി നൽകിയില്ലെങ്കിൽ എന്റെ ഓഫീസിൽ ഹിന്ദി ട്രാൻസ്‌ലേറ്ററുടെ ജോലി നൽകും. പക്ഷേ,​ അവരുടെ ആഗ്രഹം അദ്ധ്യാപികയാവുകയെന്നതാണ്.

-രമേശ് ചെന്നിത്തല,​ പ്രതിപക്ഷ നേതാവ്