തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അഗ്നിബാധയുണ്ടായാൽ ഫയലുകൾ നശിക്കുന്നത് തടയാനുള്ള നിർദ്ദേശങ്ങളടങ്ങുന്ന പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ ഒരു മാസം മുമ്പ് ഇറക്കിയിരുന്നു.
വിവിധ സെക്ഷനുകളിലെ കബോർഡുകൾ, അലമാരകൾ, ഷെൽഫുകൾ എന്നിവയുടെ മുകളിൽ ഫയലുകൾ വയ്ക്കുന്നത് അഗ്നിബാധയ്ക്ക് കാരണമാകുമെന്നതിനാൽ ഉടൻ നീക്കം ചെയ്യണമെന്നതുൾപ്പെടെ പത്ത് നിർദ്ദേശങ്ങളാണ് ജൂലായ് 13ന് ഹൗസ് കീപ്പിംഗ് വിഭാഗത്തിനായി പ്രിൻസിപ്പിൽ സെക്രട്ടറി ജ്യോതിലാൽ ഇറക്കിയ സർക്കുലറിലുള്ളത്. മാറ്റിയില്ലെങ്കിൽ ഇനിയൊരറിയിപ്പില്ലാതെ ആരോഗ്യ വിഭാഗം അത് നീക്കം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ് . സെക്ഷനുകളുടെ സമീപത്തുള്ള ഇടനാഴികളിൽ അലമാര സ്ഥാപിച്ചിട്ടുണ്ട്. അണ്ടർ സെക്രട്ടറിമാർ തങ്ങളുടെ സെക്ഷനുകളിലെ ഇത്തരം തടസ്സങ്ങൾ നീക്കണം. ഇലക്ട്രിക് വയറുകളുടെയും സ്വിച്ച് ബോർഡുകളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും സമീപത്ത് തീപിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്. ഫോട്ടോകോപ്പിയർ, കമ്പ്യൂട്ടറിന്റെ സി.പി.യു , ഫാക്സ് മെഷിൻ, പ്രിന്റർ, സ്കാനർ തുടങ്ങിയവയുടെ മുകളിൽ ഫയലുകൾ,കടലാസ് ,പുസ്തകം തുടങ്ങിയ സൂക്ഷിക്കരുത്. ഫോട്ടോ കോപ്പിയർ, പ്രിന്റർ തുടങ്ങി എല്ലാ ഉപകരണങ്ങളിലും ആവശ്യം കഴിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ബില്ലുകളോ കോപ്പികളോ മുറിയിൽ കൂട്ടിയിടരുത് .കാന്റീനിലും
കോഫി ഹൗസിലും ഇൻസിനേറ്ററിലും ഒഴികെ ഗ്യാസ് ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട് . ഇവ പാലിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ തീപിടിത്തം ഒഴിവാക്കാമായിരുന്നു.