തിരുവനന്തപുരം: മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണം മന്ത്രിസഭായോഗം അംഗീകരിച്ചു. 2016 ജനുവരി ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, നോൺ മെഡിക്കൽ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളത്തിൽ 20- 30 ശതമാനം വരെ വർദ്ധനയുണ്ടാകും.
മെഡിക്കൽ, ഡെന്റൽ വിഭാഗങ്ങളിലെ അദ്ധ്യാപകർക്ക് ലഭിച്ചുവന്നിരുന്ന നോൺ പ്രാക്ടീസിംഗ് അലവൻസ്, പേഷ്യന്റ് കെയർ അലവൻസ് എന്നിവ തുടർന്നും നൽകും.
2006ലാണ് അവസാനമായി മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പളം പരിഷ്കരിച്ചത്. പത്ത് വർഷം കഴിയുമ്പോൾ ശമ്പളപരിഷ്കരണം അനുവദിക്കണമെന്നതിനാലാണ് 2016 മുതലുള്ള മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനുള്ള മന്ത്രിസഭാതീരുമാനം.
ശമ്പളപരിഷ്കരണം 14 വർഷമായി മുടങ്ങിക്കിടക്കുകയാണെന്നാരോപിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ ഒരാഴ്ചയായി കരിദിനമാചരിക്കുകയായിരുന്നു. രോഗീപരിചരണത്തെ ബാധിക്കാത്ത വിധത്തിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തിയിരുന്നത്. സെപ്തംബർ മൂന്ന് മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരത്തിനും കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു.