തിരുവനന്തപുരം: വരവ് പച്ചക്കറികളെക്കാൾ നാട്ടിലെ കർഷകർ വിളയിച്ചെടുത്ത പഴം, പച്ചക്കറി ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ നഗരത്തിലെ പച്ചക്കറി വിപണികളും വഴിയോര ചന്തകളും സജീവമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിക്ക് മാത്രമല്ല, പൂക്കൾക്കും മുമ്പത്തെപ്പോലെ ഡിമാന്റില്ലാത്ത അവസ്ഥയാണ്. ഇതോടെ ഗ്രാമീണ കാർഷിക വിപണിക്ക് ഉണർവായി. കൊവിഡ് വ്യാപനം ഉണ്ടായതോടെ ആശങ്കയിലായിരുന്ന കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ സ്വീകാര്യത. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കാനായി ആരംഭിച്ച വഴിയോര കാർഷിക പ്രദർശന വിപണന ചന്തയും ക്ലിക്കായി. ആനാട് ഗ്രാമ പഞ്ചായത്തിലെ കർഷകചന്ത സംഘാടകരായ ഇക്കോഷോപ്പ് ടീമിന്റെ നേതൃത്വത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ചന്തകൾ നടക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള പാൽ, പഴം, മുട്ട, കായ്‌കറി, പച്ചക്കറികൾ, നല്ലരി, നാട്ടുതേൻ, വെളിച്ചെണ്ണ, വാഴക്കുലകൾ, മരച്ചീനി തുടങ്ങിയ ഉത്പന്നങ്ങളാണ് വഴിയോര ചന്തയിലൂടെ ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ മാത്രമാണ് ഇത്തരം ചന്തകൾ നടക്കുന്നതെങ്കിലും നഗരവാസികൾക്കിടയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയെക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന പഴം-പച്ചക്കറികൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓണസമൃദ്ധി പഴം പച്ചക്കറി വിപണികളിലും ഉദ്‌ഘാടനദിവസം മുതൽ വലിയ തിരക്കാണ് ഉണ്ടായിട്ടുള്ളത്. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച ജി.എ.പി സർട്ടിഫൈഡ് ഉത്പന്നങ്ങൾ 20 ശതമാനം അധികവില നൽകി സംഭരിച്ച് 10 ശതമാനം വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നു. നഗരത്തിലെ പരമ്പരാഗത ചന്തകളായ പാളയം കണ്ണിമേറാ മാർക്കറ്റിലും ചാല മാർക്കറ്റിലും ഓണത്തിരക്ക് തുടങ്ങിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ നൂറുമേനി
ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പച്ചക്കറി കൃഷി കൂടുതലായി ആരംഭിച്ചു. സർക്കാർ പദ്ധതികളും സജീവമായതോടെ നാടൻ പച്ചക്കറികൾക്ക് നേട്ടം കിട്ടുകയായിരുന്നു. കർഷകരും ഹാപ്പി വാങ്ങുന്ന ഉപഭോക്താക്കളും ഹാപ്പിയായി.
വഴുതക്കാട്ട് പച്ചക്കറിമേള30വരെ
പേരൂർക്കട: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പഴംപച്ചക്കറി മേള 30വരെ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപം നടക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 30 ശതമാനം സബ്സിഡിയിലാണ് വില്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കർഷകർക്ക് പുറമേ ഇടുക്കി ദേവികുളം ബ്ലോക്കിലെ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലെ ശീതകാല വിളകളായ കാബേജ്, ക്യാരറ്റ്, ബീൻസ്, ഉരുളൻകിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയും ലഭിക്കും. മറയൂർ ശർക്കര മേളയിലെ പ്രധാന ആകർഷണമാണ്. വനിതാ സ്വയംസഹായ സംഘങ്ങളുടെ മുളകുപൊടിയും മല്ലിപ്പൊടിയും മേളയിലുണ്ടാകും. പ്രളയത്തിൽ വാഴകൾ നശിച്ച ഇടുക്കിയിലെ കർഷകരിൽ നിന്ന് സംഭരിച്ച കായകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഉപ്പേരിയും മേളയിൽ ലഭിക്കും. റസിഡന്റ്സ് അസോസിയേഷനുകൾക്ക് പഴം, പച്ചക്കറി, മറയൂർ ശർക്കര എന്നിവ ബുക്ക് ചെയ്യാം. തിരുവനന്തപുരം നഗരസഭ, നഗരസഭാ കൃഷിഭവൻ, കൃഷി വകുപ്പ് എന്നിവരുടെ മേൽനോട്ടത്തിലാണ് വിപണി സംഘടിപ്പിച്ചിരിക്കുന്നത്. ഫോൺ: 9447005998, 9383472016, 9496197435