organic

കൊച്ചി: ഒരുദിവസം രണ്ടു രൂപ മുടക്കാൻ തയ്യാറാണോ? എങ്കിൽ കൊതുകുകടിയിൽ നിന്ന് മോചനം ലഭിക്കും. ഈ വാഗ്ദാനം നൽകുന്നത് വേമ്പനാട് കോസ്റ്റൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്. കൊതുക് ശല്യം ഒഴിവാക്കാനും വെളിച്ചം പരത്താനും കഴിയുന്ന ജൈവമെഴുകുതിരിയാണിത്. നബാർഡിന്റെ സഹായത്തോടെ കോട്ടയം ജില്ലയിലെ വെച്ചൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിന്റെ ഉത്പാദക യൂണിറ്റാണ് ഇത് വിപണിയിലെത്തിച്ചത്.

കത്തിക്കേണ്ടത് 10 മിനിട്ട്

ഏഴുമുതൽ 10 മിനിട്ടുവരെ മെഴുകുതിരി കത്തിച്ചുവച്ചാൽ അന്നത്തെ ദിവസം കൊതുക് ശല്യമുണ്ടാകില്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രകൃതിദത്തമായ ആയുർവേദ മരുന്നുകൾ തിളച്ച മെഴുകിനൊപ്പം ചേർത്താണ് തിരി നിർമ്മിക്കുന്നത്. തീജ്വാലയോടൊപ്പം പുറത്തുവരുന്ന വാതകമാണ് കൊതുകിനെ തുരത്തുന്നത്. കൊതുകിനെ കൊല്ലാനുള്ള വീര്യം ഇതിനില്ല. തിരി പ്രകാശിച്ച് അഞ്ചു മിനിട്ടിനകം കൊതുകുകൾ പരിസരം വിട്ടുപോകും. ഒരു വർഷത്തോളം സംഘാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഉത്പന്നം വിപണിയിൽ എത്തിച്ചത്. ഒരു മെഴുകുതിരിക്ക് 20 രൂപയാണ് വില. ഒരു ദിവസം 10 മിനിട്ടുവച്ച് 10 ദിവസം കത്തിക്കാം. ഗ്രീൻലീഫ് പ്രസിഡന്റ് അഡ്വ. പി.ഐ. ജയകുമാറാണ് ഇതിന്റെ ഉപജ്ഞാതാവ്.

''കൊതുകിനെ തുരത്താൻ 100 ശതമാനം ഫലപ്രദമാണ് ഈ മെഴുകുതിരി. ലോകത്ത് ആദ്യമായാണ് മെഴുകുതിരിദീപം കൊതുക് നശീകരണ മാർഗമായി ഉപയോഗിക്കുന്നത്. പേറ്റന്റ് എടുത്തശേഷം വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിക്കും.

-അഡ്വ. പി.ഐ. ജയകുമാർ