കൊച്ചി: ഇലക്ട്രീഷ്യനും പ്ലംബറും മരപ്പണിക്കാരനും മേസ്തിരിയുമെല്ലാം ഇനിയൊരാൾ. കേടായ ഫാൻ നന്നാക്കാനും കുളിമുറിയിൽ പൊട്ടിയ പൈപ്പ് മാറ്റിയിടാനും കസാരയുടെ കാല് നന്നാക്കാനും പെയിന്റടിക്കാനുമെല്ലാം അയാൾമാത്രം. ഈ വിദഗ്ദ്ധതൊഴിലാളിയുടെ വിളിപ്പേരാണ് ഹാൻഡിമാൻ.
മലയാളിക്ക് അത്ര സുപരിചിതമല്ലെങ്കിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വിമാനത്താവളങ്ങളിലും വലിയ ഫാക്ടറികളിലുമൊക്കെ മുമ്പേ പ്രചാരത്തിലുള്ള ഹാൻഡിമാൻ സംസ്കാരം കൊവിഡാനന്തരകാലത്ത് ഏറെ ജനകീയമാകുമെന്നാണ് വിലയിരുത്തൽ. ഒരു തൊഴിലാളി വിവിധതരം ജോലികൾ ചെയ്യാൻ പ്രാപ്തനാകുന്നതോടെ തൊഴിൽ ദാതാക്കൾക്കും താൽപര്യമേറും. കുറച്ചുസമയം കൊണ്ട് ചെയ്തുതീർക്കാവുന്ന ജോലിയാണെങ്കിലും ഒരു വിദഗ്ദ്ധ തൊഴിലാളിയെ വിളിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും കൂലി കൊടുക്കണം. ഫാൻ മാറ്റിയിടാൻ വരുന്ന ഇലക്ട്രീഷ്യനോട് കുളിമുറിയിലെ പൈപ്പ് നന്നാക്കാമോയെന്ന് ചോദിച്ചാൽ അതിന് പ്ലംബറെ വിളിക്കാനേ പറയൂ. ജനാലയുടെ ചില്ല് മാറ്റിയിടുക, ടി.വി. സ്റ്റാന്റ് നന്നാക്കുക, അലമാര പോളീഷ് ചെയ്യുക തുടങ്ങിയ മറ്റ് ജോലികൾ കൂടിയുണ്ടെങ്കിൽ എല്ലാത്തിനും വെവ്വേറെ ജോലിക്കാരന് കൂലിയിനത്തിൽ വലിയതുക വേണ്ടിവരും. അവിടെയാണ് ഹാൻഡിമാന് ഡിമാന്റ് വർദ്ധിക്കുന്നത്. എല്ലാ ജോലിക്കുംകൂടി 1000 രൂപ കൊടുത്താലും തൊഴിലുടമയ്ക്ക് നഷ്ടമില്ല.
ദീർഘകാലമായി അടച്ചിട്ട വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി കൊച്ചുകേരളത്തിൽപ്പോലും അനന്തമായ തൊഴിൽസാധ്യതകളാണ് ഹാൻഡിമാനെ കാത്തിരിക്കുന്നത്.
ഏതെങ്കിലുമൊരു മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവർ മറ്റ് മേഖലകളിൽകൂടി നൈപുണ്യം നേടുകയെന്നതാണ് ഹാൻഡിമാൻ ആകാനുള്ള യോഗ്യത. നിയമപരമായി ലൈസൻസ് ആവശ്യമുള്ള ഇല്ക്ട്രീഷ്യൻ പോലുള്ളവിഭാഗത്തിൽ സാങ്കേതികപരീശീലനം മാത്രം പോര, പരീക്ഷകളും പാസാകേണ്ടിവരും.
ഇതാണ് ഹാൻഡിമാൻ
ഓക്സ് ഫോർഡ് ഡിക്ഷ്ണറി പ്രകാരം ഹാൻഡിമാൻ എന്ന ഇംഗ്ലീഷ് വാക്കിന് വൈദഗ്ദ്ധ്യമാർന്ന ചെറിയ കഴിവുകളുള്ള ഒരാൾ എന്നാണ് അർത്ഥം. അറ്റകുറ്റപ്പണി വിദഗ്ദ്ധൻ, ചില്ലറ ജോലിക്കാരൻ എന്നും പര്യായങ്ങളുണ്ട്.
തൊഴിൽപ്രതിസന്ധി രൂക്ഷം
ഫെഡറേഷൻ ഒഫ് ഇന്ത്യൻ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സർവേ പ്രകാരം കൊവിഡ് ലോക്ക് ഡൗൺ കാലത്തുമാത്രം രാജ്യത്തെ 32 ശതമാനം കമ്പനികളിലെ 40 ശതമാനം ജോലിക്കാർക്ക് തൊഴിൽ നഷ്ടമായി. 34 ശതമാനം കമ്പനികൾ 10 ശതമാനം വേതനം വെട്ടിക്കുറച്ചു.