നെടുമങ്ങാട് : കൊവിഡ് കാല ഭക്ഷ്യപ്രതിസന്ധി മുന്നിൽക്കണ്ട് നെടുമങ്ങാട് താലൂക്കിലെ കർഷകർക്കായി പാലോട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ആവിഷ്കരിച്ച 100 കോടി രൂപയുടെ വായ്പാ പദ്ധതി - 'ഗ്രാമസമൃദ്ധി"യുടെ ഉദ്‌ഘാടനം ആര്യനാട് കാനക്കുഴിയിൽ പ്രസിഡന്റ് എസ്.സഞ്ജയൻ നിർവഹിച്ചു. ബാങ്കിന്റെ വെഞ്ഞാറമൂട്, വെള്ളനാട്, നെടുമങ്ങാട് ശാഖകൾ വഴി ഇരുപതിനായിരം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്.8.65 ശതമാനം പലിശനിരക്കിൽ 36 മാസമാണ് തിരിച്ചടവ് കാലാവധി. കച്ചവട വായ്പ, വാഹന വായ്പ, പവർ ഡ്രില്ലർ, ട്രാക്ടർ എന്നിവ വാങ്ങുന്നതിനുള്ള വായ്‌പകളും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എസ്.സഞ്ജയൻ പറഞ്ഞു.ഉദ്‌ഘാടന ചടങ്ങിൽ ബാങ്ക് സെക്രട്ടറി ആർ.വൈജുകുമാർ, ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കാരുണ്യ, പുലരി എന്നീ ജെ.എൽ.ജി ഗ്രൂപ്പുകളാണ് ആദ്യവായ്പ്പ ഏറ്റുവാങ്ങിയത്.