k-surendran

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്തിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ മാസം 13ന് പൊതുഭരണവകുപ്പിറക്കിയ സർക്കുലറിൽ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ ദിവ്യദൃഷ്ടിയുള്ള സർക്കാരാണോയിത്. കൊവിഡ് കാരണം പ്രോട്ടോക്കോൾ ഓഫീസ് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. സെക്രട്ടേറിയറ്റിലെ ഇത്രയും പ്രധാനപ്പെട്ട ഓഫീസ് അടച്ചിട്ടും എന്തുകൊണ്ട് മാദ്ധ്യമങ്ങളെ അറിയിച്ചില്ല? സെക്രട്ടേറിയറ്റിലെ കോൺഫിഡൻഷ്യൽ ഫയലുകളൊന്നും ഇ-ഫയലുകളല്ല. നിരവധി വിവാദങ്ങളുടെ കേന്ദ്രമാണ് പ്രോട്ടോക്കോൾ ഓഫീസ്. സ്വർണക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് തീയിട്ടത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.