തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷങ്ങളിൽ പച്ചക്കറികൃഷിയിൽ അഭൂതപൂർവമായനേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി വകുപ്പിന്റെ ഓണസമൃദ്ധി നാടൻ പഴം പച്ചക്കറി ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം പാളയംഹോർട്ടികോർപ്പ് വിപണിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണത്തിന് ഒരു മുറം പച്ചക്കറി, ഓണസമൃദ്ധി, വിഷുക്കണി വിപണികൾ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി . എല്ലാവർഷവും വിത്ത് പാക്കറ്റുകളും പച്ചക്കറി തൈകളും എല്ലാ കുടുംബത്തിനുമായി വിതരണം ചെയ്യുന്നുണ്ട് . ഉത്പന്നങ്ങൾ അധികമാകുമ്പോൾ വിറ്റഴിക്കുന്നതിനായി കൃഷിവകുപ്പിന്റെ വിപണികൾ, കർഷക ചന്ത, ഇക്കോഷോപ്പുകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് മെച്ചപ്പെട്ട ലാഭം ഉണ്ടാക്കാനും ഓണക്കാലത്തെ തീവിലയിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാനുമാണ് വിപണികളെന്ന് മന്ത്രി പറഞ്ഞു. മിൽമയുമായി സഹകരിച്ച് പാലുംതേനും പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ബ്രാൻഡഡ് പഴങ്ങൾ വിപണിയിലെത്തിക്കാൻ വി.എഫ്.പി.സി.കെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. വില സ്ഥിരത ഉറപ്പാക്കുന്നതിന് പദ്ധതികൾ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ഓണസമൃദ്ധി ആദ്യ വിൽപ്പന കൃഷി മന്ത്രി കൃഷി ഡയറക്ടർക്ക് നൽകി നിർവഹിച്ചു. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ്, കൃഷി അഡിഷണൽ ഡയറക്ടർമാരായ രാധാകൃഷ്ണൻ, മധുജോർജ് മത്തായി എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന 2000 വിപണികൾ 30 വരെ പ്രവർത്തിക്കും.