പുതിയ ടഗ് ബേപ്പൂരിന് നൽകാൻ നീക്കം
കോവളം: വിഴിഞ്ഞത്തിന് പുത്തൻപ്രതീക്ഷ നൽകി ക്രൂചെയ്ഞ്ചിംഗ് അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ ഏഴോടെ പുറംകടലിൽ നങ്കൂരമിട്ട എസ്.ടി.ഐ സ്റ്റെബിലിറ്റി ടാങ്കറും 11ഓടെ എത്തിയ കൂറ്റൻ എം.വി എവർഗ്രീറ്റ് കണ്ടെയ്‌നർ കപ്പലും മൂന്ന് മണിക്കൂറിനുള്ളിൽ ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങി. റാസ് ലാഫാനിൽ നിന്നും മാപ് താ പുത്തിലേക്ക് പോയ സ്റ്റെബിലിറ്റിയിൽ നിന്നും 10 പേർ ഇറങ്ങുകയും 11 പേർ കയറുകയും ചെയ്‌തു. നെതർലാന്റിൽ നിന്നും കൊളംബോയിലേക്ക് പോയ എവർഗ്രീറ്റിൽ ഒമ്പത് പേർ ഇറങ്ങുക മാത്രമാണ് ചെയ്‌തത്. 20,388 കണ്ടെയ്‌നർ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദർഷിപ്പാണിത്. ഇതിനിടെ തുറമുഖ വകുപ്പ് ഗോവയിൽ നിന്നും 31ന് എത്തിക്കുമെന്ന് പറഞ്ഞ പുതിയ ടഗ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം ബേപ്പൂരിന് നൽകാൻ നീക്കം. അവിടെയുള്ള എം.ടി ചാലിയാർ എന്ന ടഗിനെ പകരം വിഴിഞ്ഞത്ത് എത്തിക്കുമെന്നാണ് സൂചന. ഇതുവരെ 16 കപ്പലുകളാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയത്.