photo

നെടുമങ്ങാട്: പനച്ചമൂട് കൊല്ലിയക്കോണത്ത് അകാലത്തിൽ പൊലിഞ്ഞ ദീപയുടെ മക്കൾക്ക് ലൈഫ്‌മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. നെടുമങ്ങാട് ടൗൺ യു.പി.എസിലെ ഏഴാം ക്ലാസുകാരി ഐശ്വര്യയ്‌ക്കും സഹോദരൻ സുധീഷിനുമാണ് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായത്. വീടുപണി നടക്കുമ്പോഴാണ് ദീപ മരണപ്പെട്ടത്. അച്ഛൻ ഉപേക്ഷിച്ചുപോയ കുട്ടികളുടെ ദുരവസ്ഥ മനസിലാക്കിയ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും നഗരസഭാ ജീവനക്കാരും മുൻകൈ എടുത്ത് വീടിന്റെ പണി പൂർത്തിയാക്കിയതിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. താക്കോൽദാന ചടങ്ങിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, പി. ഹരികേശൻ നായർ, ആർ. മധു, കെ. ഗീതാകുമാരി, റഹിയാനത്ത് ബീവി, സുമയ്യ മനോജ്, ടി. അർജുനൻ, നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.