fire-

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ഷോർട്ട് സർക്യൂട്ട് മൂലവും മറ്റുമുള്ള ചെറിയ തീപിടിത്തങ്ങൾ മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഫയലുകളിലേക്ക് പടരുന്ന വലിയ തീ ആദ്യമാണെന്ന് വിരമിച്ച ഉന്നതോദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ലാവ്‌ലിൻ ഫയലുകൾ തേടി സി.ബി.ഐ എത്തിയപ്പോൾ തീപിടിത്തമുണ്ടായെന്നത് രാഷ്ട്രീയാരോപണം മാത്രമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.ലാവ്‌ലിൻ കേസന്വേഷണ സമയത്ത് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ സ്വിച്ച്ബോർഡിന് സമീപം തീപിടിച്ചെങ്കിലും ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള സെക്രട്ടേറിയറ്റ് മന്ദിരത്തിൽ സുരക്ഷാ ഓഡിറ്റ് ഉൾപ്പെടെ നടത്തണമെന്ന ആവശ്യത്തിന് കാലപ്പഴക്കമുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. തൊട്ടടുത്തായി രണ്ട് അനക്സ് മന്ദിരങ്ങൾ വന്നിട്ടും പ്രധാന മന്ദിരത്തിലെ തിരക്കിന് കുറവൊന്നുമില്ല.

2010ൽ വി.എസ് സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ചേംബറിലും, . ഇപ്പോൾ തീ പിടിത്തമുണ്ടായതിന് തൊട്ടുമുകളിലത്തെ നിലയിൽ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് പ്രവർത്തിക്കവേ രണ്ട് വർഷം മുമ്പും,. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി വി.എസ്. ശിവകുമാറിന്റെ ഓഫീസ് ഇടനാഴിയിലും തീ പിടിച്ചു. മുൻ ചീഫ്സെക്രട്ടറി സി.പി. നായർ ആഭ്യന്തര സെക്രട്ടറിയായിരിക്കെ 1994ൽ സുരക്ഷാ ഓഡിറ്റ് വേണമെന്ന് നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ സമ്മതിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.

അതേസമയം, ഇപ്പോൾ തീ പിടിച്ച പൊളിറ്റിക്കൽ വിഭാഗത്തിൽ എ.സി സ്ഥാപിക്കുന്നതിന് 2013ൽ വയറിംഗ് നടത്തിയിരുന്നു. അതിനാൽ ,ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യത കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.