തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇന്നലെ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളിൽ പരീക്ഷ എഴുതിയവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകരെ മൂന്നാം സ്ട്രീമിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാം സ്ട്രീമിന്റെ ഫലപ്രഖ്യാപനം തത്കാലം മാറ്റിവച്ചിരിക്കുകയാണ്. സ്ട്രീം 1 ൽ 2160 പേരെയും സ്ട്രീം 2 ൽ 1048 പേരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്.