fire-at-secratariat

എൻ.ഐ.എയെ തടയാനുള്ള തന്ത്രമെന്നും ആക്ഷേപം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ പ്രധാന ഫയലുകളൊന്നും തീപിടിത്തത്തിൽ നശിച്ചിട്ടില്ലെന്ന് സർക്കാരും പൊതുഭരണവകുപ്പും.സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടിയായേക്കാവുന്ന ഫയലുകൾ എൻ.ഐ.എയ്ക്കും എൻഫോഴ്സ്മെന്റിനും നൽകാതിരിക്കാനുള്ള അട്ടിമറിയെന്ന് പ്രതിപക്ഷം. സംഭവത്തിൽ പ്രതിഷേധവും അന്വേഷണവും തുടരവേ ആളിപ്പടരുന്നത് ദുരൂഹത.

അടച്ചിട്ടിരുന്ന മുറിയിലെ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിലേക്കും പേപ്പറിലേക്കും ഷെൽഫിലേക്കും വീണാണ് തീയാളിയതെന്നാണ് മരാമത്ത് വകുപ്പിന്റെ ഇപ്പോഴത്തെ കണ്ടുപിടിത്തം. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സ‌ർക്യൂട്ടായിരുന്നു ആദ്യം പ്രതി സ്ഥാനത്ത്. യു.എ.ഇ കോൺസുലേറ്റുമായുള്ള ഇടപാടുകളുടെയും, പാഴ്സലിന് പരിശോധന ഒഴിവാക്കാനുള്ള അനുമതികളുടെയും രേഖകളാണ് കേന്ദ്ര ഏജൻസികൾ നിലവിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രധാന ഫയലുകൾ പലതും പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാറിന്റെ ഓഫീസിലെ അലമാരയിൽ ഭദ്രമായുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും, തീപിടിത്തം സംബന്ധിച്ച എഫ്.ഐ.ആറും, ഇത്ര ഫയലുകൾ കത്തിപ്പോയെന്ന സീൻ മഹസറുമുണ്ടെങ്കിൽ ഫയലുകൾ കൊടുക്കാതിരിക്കാം. ആവശ്യപ്പെട്ട ഫയലുകൾ കത്തിപ്പോയവയുടെ കൂട്ടത്തിലുണ്ടെന്നോ കാണുന്നില്ലെന്നോ മറുപടി നൽകാം. ഔദ്യോഗിക ഫയലുകൾ ലഭിച്ചില്ലെങ്കിൽ മന്ത്രിമാർക്കും ഐ.എ.എസുകാർക്കുമെതിരെ കുറ്റംചുമത്താൻ ബുദ്ധിമുട്ടാകും.

ഒറ്റ ഫയലും പൂർണമായി നശിച്ചില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഭാഗികമായി കത്തിയവ ഇന്ന് സ്കാൻ ചെയ്തെടുക്കും. കാമറയിൽ പകർത്തി എണ്ണം തിട്ടപ്പെടുത്തും. അതേസമയം, തീപിടത്തത്തെക്കുറിച്ച് കേന്ദ്ര ഐ.ബിയോട് എൻ.ഐ.എ വിവരം തേടിയിട്ടുണ്ട്. ദുരൂഹതയൊഴിയാത്ത സാഹചര്യത്തിൽ എൻ.ഐ.എയ്ക്ക് സി.ആർ.പി.സി ചട്ടം-100 പ്രകാരം സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുത്ത് പരിശോധിക്കാനുമാകും.

അതിനിടെ, എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിലെത്തിയത്

ഉൾപ്പെടെ സർക്കാർ വൃത്തങ്ങൾ സംശയിക്കുന്ന ഗൂഢാലോചനകളും ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.സെക്രട്ടേറിയറ്റിലെ സുരക്ഷ ശക്തിപ്പെടുത്തൽ നടപടികൾക്ക് അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തി.

ഫാനിൽ നിന്ന് വലിയ തീപിടിത്തമോ?

ഫാനിൽ നിന്ന് വലിയ തീപിടിത്തമുണ്ടാകുമോ എന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം ഉയർത്തുന്ന ചോദ്യം.

ഫാൻ നിലത്തുവീണിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്നതിനടുത്താണ് തീപിടിച്ചത്. തീ ആളിപ്പടർന്നെങ്കിൽ ഇവ കത്തിപ്പോകുമായിരുന്നു. എൻ.ഐ.എയ്ക്ക് പകർപ്പ് നൽകിയ ഫയലുളുടെ ഒറിജിനലും ഇവിടെയാണ്. മറ്റു സെക്ഷനുകളിലേതടക്കം ജീവനക്കാരെല്ലാം പോയശേഷം തീപിടിച്ചതിലും ദുരൂഹത.