കോവളം: വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്ക് മോശമായ ഭക്ഷണം നൽകുന്നെന്ന പരാതിയെ തുടർന്ന് എം. വിൻസെന്റ് എം.എൽ.എ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥലം സന്ദർശിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്‌മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. കുമാർ, പഞ്ചായത്ത് സെക്രട്ടറി അനു സചേതനൻ, മെഡിക്കൽ ഓഫീസർ ഡോ. സുനിത, ഗ്രാമപഞ്ചായത്തംഗം സുജാത എന്നിവരുമായി എം.എൽ.എ ചർച്ച നടത്തി. ഓരോ ദിവസവും നൽകേണ്ട ഭക്ഷണത്തിന്റെ മെനു മെഡിക്കൽ ഓഫീസർ നൽകി. കാറ്ററിംഗ് സർവീസുകാർ കൊണ്ടുവരുന്ന ഭക്ഷണം പരിശോധിച്ച ശേഷമേ രോഗികൾക്ക് നൽകുകയുള്ളൂവെന്നും തീരുമാനിച്ചു.