dd

തൃശൂർ:വാക്കുതർക്കത്തെത്തുടർന്ന് പട്ടികജാതിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ മുപ്ലിയം പൂത്തെറ്റി വീട്ടിൽ രവിയെ(48) ജീവപര്യന്തം കഠിനതടവിനും കൂടാതെ 7 വർഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആകെ 6 മാസം അധികതടവ് അനുഭവിക്കണം.2015 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങാലൂരുള്ള ഓട്ടുകമ്പനിയിലെ ജീവനക്കാരനായ മുപ്ലിയം ദേശത്ത് മുല്ലക്കപ്പറമ്പിൽ ശങ്കരൻ മകൻ ശ്രീനിവാസനെയാണ് (57) കമ്പനിയിൽ വച്ച് സഹപ്രവർത്തകനായ രവി ക്രൂരമായി മർദ്ദിക്കുകയും മൺവെട്ടിയെടുത്ത് തലയ്ക്ക് പിറകിൽ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.പ്രതി പതിവായി ശ്രീനിവാസനെ തെറി പറയുകയും, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായിരുന്നു.ഇത് സംബന്ധിച്ച വാക്കു തർക്കത്തിനിടെ മണ്ണ് കിളക്കുകയായിരുന്ന ശ്രീനിവാസനെ രവിയുടെ കൈയിലുണ്ടായിരുന്ന കൈക്കോട്ട് കൊണ്ട് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.