തിരുവനന്തപുരം:ഓണക്കച്ചവടത്തിന് വ്യാജ വെളിച്ചെണ്ണയും മൃഗക്കൊഴുപ്പ് ചേർത്ത നെയ്യും വെണ്ണയും വ്യാപകമായി എത്തി. കൊവിഡ് കാരണം അതിർത്തി ചെക്കു പോസ്റ്റുകളിലും വ്യാപാരകേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന മരവിച്ചത് മുതലെടുത്താണ് തമിഴ്നാട്ടിൽ നിന്നുൾപ്പെടെ മായം ചേർത്ത നെയ്യും വെണ്ണയും എത്തുന്നത്.
വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്തു തന്നെ വ്യാപകമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്.
വനസ്പതിയാണ് നെയ്യിൽ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്ന്. വില കുറഞ്ഞ സസ്യഎണ്ണകൾ, പാമോയിൽ, നിലക്കടലയെണ്ണ എന്നിവയിൽ നിന്നൊക്കെ വനസ്പതി ഉണ്ടാക്കുന്നു. മൃഗക്കൊഴുപ്പും എണ്ണകളും മായമായി ചേർക്കുന്നവയാണ്. ഉരുളക്കിഴങ്ങു പൊടി, മധുരക്കിഴങ്ങു പൊടി എന്നിവയും വെണ്ണയിലും നെയ്യിലും കലർത്തുന്നു. തിരിച്ചറിയാതിരിക്കാൻ ബട്ടർ യെല്ലോ എന്ന നിറവും കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസ പദാർത്ഥങ്ങളും ചേർക്കും.
പാം ഓയിൽ കെർണൽ, പാരഫിൻ മെഴുക് തുടങ്ങിയവ കലർത്തിയാണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. അതിൽ വെളിച്ചെണ്ണ 20% മാത്രമായിരിക്കും. വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ പരിശുദ്ധി, പരിശുദ്ധമായ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയിൽ, എ1 പരിശുദ്ധമായ വെളിച്ചെണ്ണ എന്നൊക്കെയായിരിക്കും. സർക്കാർ ഉൽപ്പന്നമായ 'കേര'യുടെ പേരിൽ വ്യാജൻ സുലഭമാണ്. 42 പേരുകളിൽ വിപണിയിലെത്തിയ വെളിച്ചെണ്ണ ജനുവരിയിൽ നിരോധിച്ചിരുന്നു. ഒരു ബ്രാൻഡ് നിരോധിക്കുമ്പോൾ മറ്റൊരു പേരിൽ അതേ വ്യാജൻ അവതരിക്കും.
അതിർത്തി ജില്ലകളിലാണ് വ്യാജ നെയ്യ് തയ്യാറാക്കുന്നത്. ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ നിന്നു മാത്രം ആയിരം കിലോ വ്യാജ നെയ്യാണ് പിടിച്ചെടുത്തത്.
''വ്യാജ നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കരുത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് പ്രധാന കാരണം ഇവയിലെ മായമാണ്. ഉദരരോഗങ്ങളും ഉണ്ടാക്കും. മായം കലർന്നവയ്ക്ക് രുചി കൂടും. പക്ഷെ, ആയുസ് കുറയ്ക്കും''
ഡോ.ഭരത്‌ചന്ദ്രൻ, ഹൃദ്രോഗ വിദഗ്‌ദ്ധൻ