തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കാൾ ഓഫീസിൽ തീപിടിത്തമുണ്ടായ സംഭവത്തിന് പിന്നിൽ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കളളക്കടത്ത് കേസും ജലീലിന്റെ വിവാദ പാഴ്‌സൽ കേസും അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
യു.ഡി.എഫ് കരിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രലൈസ്ഡ് എ.സി ഉള്ള മുറിയിലെ ഫാനിൽ നിന്ന് തീയുണ്ടായി എന്നാണ് ഫറയുന്നത്. എ.സി മുറിയലെന്തിനാണ് ഫാൻ. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.മുഖ്യമന്ത്രിയെയും എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സ്വർണക്കടത്തു കേസിൽ നിന്ന് രക്ഷിക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എം.എൽ.എമാരുടെയും എം.പിമാരുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു.വി.എസ്.ശിവകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.എംഎൽ.എ.മാരായ ടി.വി.ഇബ്രാഹിം, എം. വിൻസെന്റ്, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥ്, കെ.പി.സി.സി.വൈസ് പ്രസിഡന്റുമാരായ ടി. ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ നായർ, എം.എം.നസീർ, മണക്കാട് സുരേഷ്, ഡി.സി.സി. പ്രസിഡന്റ്, നെയ്യാറ്റിൻകര സനൽ, സോളമൻ അലക്‌സ്, ബീമാപള്ളി റഷീദ്, ബാബു ദിവാകരൻ, കരുമം സുന്ദരേശൻ, എം.ആർ.മനോജ് എന്നിവർ പങ്കെടുത്തു.