jos-k-mani

തിരുവനന്തപുരം: അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും മുന്നണിനേതൃത്വത്തിന്റെ നിർദ്ദേശം പാലിക്കാതിരുന്ന കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പൊതുവികാരമുയർന്നു. അവരിൽ നിന്ന് അനുകൂല നിലപാടുണ്ടാകാതെ തിരിച്ചെത്തിക്കാൻ മുൻകൈയെടുക്കേണ്ടെന്ന് നേതാക്കൾ പറഞ്ഞു. ജോസ് വിഭാഗം പുറത്തേക്കെന്ന സൂചന നൽകുന്ന ചർച്ചയാണ് യോഗത്തിലുണ്ടായത്. അന്തിമതീരുമാനം സെപ്തംബർ മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗത്തിലെ ചർച്ചയ്ക്കുശേഷമായിരിക്കും.

യു.ഡി.എഫിന്റെ നിർദ്ദേശം അംഗീകരിക്കാതിരുന്നതുതന്നെ അവർക്ക് ഇനി മുന്നണിയിൽ തുടരാനാഗ്രഹമില്ലെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയത്. ജോസ് കെ.മാണിയുടെ ചില പ്രതികരണങ്ങളും അത്തരത്തിലുള്ളതാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക വഴി സർക്കാരിനെയും അനുകൂലിച്ചില്ല എന്നത് മാത്രമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായ പോസിറ്റീവ് നടപടി. അവിശ്വാസപ്രമേയം വിജയമായെന്ന് സമിതി വിലയിരുത്തി. അഞ്ച് മണിക്കൂർ നിശ്ചയിച്ച് തുടങ്ങിയ ചർച്ചയിൽ മുഖ്യമന്ത്രി പ്രസംഗം മൂന്നേമുക്കാൽ മണിക്കൂർ നീട്ടിയ സ്ഥിതിക്ക് മറുപടി ബഹിഷ്കരിക്കുന്നതായിരുന്നു നല്ലതെന്ന അഭിപ്രായമുയർന്നു. എന്നാൽ മുഖ്യമന്ത്രി പ്രസംഗം പൂർത്തിയാക്കുന്നത് വരെ തുടരുകയും വോട്ടെടുപ്പ് വരെ നിൽക്കുകയും ചെയ്യുക വഴി കാതലായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് തുറന്നുകാട്ടാനായി.

രാഹുൽ നേതൃത്വമേൽക്കണം

അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനകത്തുണ്ടായിട്ടുള്ള നേതൃത്വപ്രതിസന്ധിയിൽ പ്രവർത്തകസമിതി കൈക്കൊണ്ട തീരുമാനത്തിന് രാഷ്ട്രീയകാര്യസമിതി പൂർണപിന്തുണ പ്രഖ്യാപിച്ചു. ഹൈക്കമാൻഡിനയച്ച കത്തിൽ ഒപ്പിട്ടവരിൽ കേരളത്തിൽ നിന്ന് പി.ജെ. കുര്യനും ശശി തരൂരും ഉൾപ്പെട്ടത് ചിലർ യോഗത്തിൽ ചൂണ്ടിക്കാട്ടി. സദുദ്ദേശ്യത്തോടെയാണ് താൻ ഒപ്പിട്ടതെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുദ്ദേശിച്ചില്ലെന്നും കുര്യൻ വിശദീകരിച്ചത് യോഗം അംഗീകരിച്ചു. രാഹുൽഗാന്ധി നേതൃത്വമേറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഭാരവാഹി പട്ടിക വൈകരുത്

കെ.പി.സി.സി സഹഭാരവാഹി പട്ടിക വൈകുന്നതിൽ രാഷ്ട്രീയകാര്യസമിതിയിൽ വിമർശനമുയർന്നു. യൂത്ത് കോൺഗ്രസിലും മറ്റും ഊർജസ്വലമായി പ്രവർത്തിച്ച പലരുമിപ്പോൾ സ്ഥാനമില്ലാതിരിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥാണ് യോഗത്തിൽ പറഞ്ഞത്. നേതാക്കൾ കൂടിയാലോചിച്ച് ഇതിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.