തിരുവനന്തപുരം: പുരോഗമന സാംസ്കാരിക വേദിയുടെ ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം മന്ത്രി കെ.കെ.ശൈലജയ്ക്ക് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങ്. ആരോഗ്യമേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മന്ത്രിക്ക് പുരസ്കാരം നൽകിയത്. തനിക്കു കിട്ടുന്ന ഏത് അംഗീകാരവും ആരോഗ്യമേഖലയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്കുള്ളതാണെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് കണ്ണൂരിൽ നടന്ന ഒരു ചടങ്ങിൽ അഴീക്കോടിനൊപ്പം പങ്കെടുത്തതിന്റെ ഓർമ്മകൾ മന്ത്രി പങ്കുവച്ചു. അവാർഡ് തുകയായ 25,000 രൂപ കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മന്ത്രി സംഭാവന ചെയ്തു.
ആരോഗ്യ മേഖലയിലെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് ഇക്കൊല്ലത്തെ അഴീക്കോട് സ്മാരക അവാർഡ് മന്ത്രിക്ക് സമ്മാനിച്ചതെന്ന് സാംസ്‌കാരിക വേദി പ്രസിഡന്റ് ശാസ്താന്തല സഹദേവൻ പറഞ്ഞു. ഡോ. ഇന്ദ്രബാബു അഴീക്കോട് സ്മാരക പ്രഭാഷണം നടത്തി. പനവിള രാജശേഖരൻ, പാപ്പനംകോട് അൻസാരി, കരമന ദിനേശ് നായർ എന്നിവർ സന്നിഹിതരായി.