theft

തിരുവനന്തപുരം:ഒ.എൽ.എക്സിൽ വ്യാജ വാഹനവില്പന പരസ്യം നൽകി നടത്തുന്ന തട്ടിപ്പിന് വീണ്ടും മലയാളികൾ ഇരയായി. കൊവിഡിനെക്കൂടി കൂട്ടുപിടിച്ച് തലസ്ഥാനത്തെ രണ്ടുപേരിൽ നിന്നായി കവർന്നത് അരലക്ഷത്തോളം രൂപ. പട്ടാളക്കാരന്റെ വ്യാജ തിരിച്ചറിയൽ കാർഡും ആധാർകാർഡും കാട്ടിയാണ് വിശ്വസിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിയായ അജയ് കൃഷ്ണനും കേശവദാസപുരം സ്വദേശിയായ യുവതിയ്ക്കുമാണ് പണം നഷ്ടപ്പെട്ടത്.

തൃശൂർ പെരുമ്പിലാവ് സ്വദേശി അബ്ദുൾ ഹമീദ് കൊങ്ങാട്ടിൽ ഉടമയായ ആക്ടീവ സ്കൂട്ടറിന്റെ ആർ.സി ബുക്കും മേൽവിലാസവും ചമച്ചാണ് കേരളത്തിൽ ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്. ലോക്കൽ അഡ്രസായി തിരുവനന്തപുരത്തെ സ്ഥലം പരസ്യത്തിൽ കാട്ടുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശികൾ വാഹന പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരനാണെന്നും കൊവിഡ് പ്രോട്ടോക്കോൾ കാരണം പുറത്തിറങ്ങാൻ കഴിയില്ലെന്നും അറിയിച്ചു.അഡ്വാൻസായി കൈക്കലാക്കിയത് 5100 രൂപ. പിന്നാലെ തവണകളായി ബാക്കി തുകയും തട്ടിയെടുത്തു. വാഹനവുമായി ആളെത്തും എന്നു പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. പിന്നാലെ ഫോൺ ഓഫായി. അതോടെയാണ് മെഡിക്കൽ കോളേജ് പൊലീസിലും സൈബർ സെല്ലിലും പരാതികൾ എത്തിയത്.


പൊലീസ് കയറാത്ത അജ്മീരിലെ തിരുട്ടുഗ്രാമം

തട്ടിപ്പിന്റെ വേരുകൾ രാജസ്ഥാൻ അജ്മീറിലെ തിരുട്ടുഗ്രാമങ്ങളിലാണ്. രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയെ തുടർന്ന് കേരള പൊലീസിലെ സൈബർ ടീം രാജസ്ഥാനിലെത്തിയിരുന്നു. പക്ഷേ, രാജസ്ഥാൻ പൊലീസ് സഹകരിച്ചില്ല. കാക്കിയിട്ട ആർക്കും അവിടേക്ക് പ്രവേശനമില്ല. ആരെങ്കിലും അതിനുശ്രമിച്ചാൽ ജീവനോടെ തിരിച്ചുപോകില്ല. അതോടെ കേരളാ പൊലീസിന് മടങ്ങേണ്ടി വന്നു.

തട്ടിപ്പ് സ്റ്റൈൽ

പട്ടാളവേഷത്തിലെ ഒരു യുവാവിന്റെ ഫോട്ടോ,വ്യാജ തിരിച്ചറയിൽ കാർഡ്, ആധാർ കാർഡ് എന്നിവ യഥാർത്ഥ വാഹന ഉടമയുടെ പേരിൽ നിർമ്മിക്കും.

നേരത്തേ ഓൺലൈൻവഴി കച്ചവടം നടത്തിയ വാഹനത്തിന്റെ വിവരങ്ങളാണ് തട്ടിപ്പുകാർ ചോർത്തി ഉപയോഗിക്കുന്നത്.

ഇര വലയിലായാൽ തുകയിൽ കുറവ് വരുത്തി പണം ആവശ്യപ്പെട്ടു തുടങ്ങും. വാഹനം എത്തിക്കാനുള്ള നടപടിക്രമങ്ങളുടെ പേരു പറഞ്ഞാണ് ഗഡുക്കളായി പണം തട്ടുന്നത്.

എടുത്ത് ചാടരുത്

പരസ്യം കണ്ട് എടുത്ത് ചാടി പണം നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വെറും ഫോട്ടോ വച്ചുള്ള തട്ടിപ്പാണിത്.