തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി. സ്വർണക്കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ സസ്‌പെൻഡ് ചെയ്യപ്പെടുകയും കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, എൻ ഐ എ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ അന്വേഷണം നടത്തുകയുമാണ്. യു.എ.പി.എ, കോഫോപോസ തുടങ്ങിയ വകുപ്പുകൾ ചാർത്താനാകുന്ന ഗുരുതരകുറ്റങ്ങളാണ് നടന്നത്.
പ്രളയ ബാധയെത്തുടർന്ന് വിദേശത്ത് നിന്ന് ലഭിച്ച ധനസഹായത്തിൽ നാലരക്കോടിയുടെ അഴിമതിയും വെട്ടിപ്പും കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി നടത്തിയെന്നും തെളിഞ്ഞു. ധനകാര്യ മന്ത്രിയും ഇത് ശരിവച്ചു. സ്വർണക്കള്ളക്കടത്ത് കേസന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട ഫയലുകളും റിക്കാർഡുകളുമെല്ലാം ഭരണ സിരാകേന്ദ്രത്തിൽ നിന്നാവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് പ്രോട്ടോക്കോൾ വകുപ്പ് സർട്ടിഫൈ ചെയ്താലേ വിമാനത്താവളത്തിലെത്തുന്ന ബാഗേജുകൾ ഡിപ്‌ളോമാറ്റിക് കാർഗോ ആയി പരിഗണിക്കപ്പെടൂ. ഇരുപത് ബാഗേജുകളുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടുള്ള എൻ.ഐ.എയുടെ കത്ത് ചീഫ് സെക്രട്ടറിയുടെ മുന്നിലാണ്. ആ സമയത്താണ് ദൂരൂഹമായ രീതിയിൽ സെക്രട്ടറിയേറ്റിൽ നിർണായക ഫയലുകൾ കത്തിപ്പോകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.