ആലുവ: നഗരത്തിൽ കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡി.എൻ.എ ഫലം ലഭിക്കാൻ നാലാഴ്ചയെങ്കിലും വേണ്ടിവന്നേക്കും. അസ്ഥികൂടം മാറമ്പിള്ളി സ്വദേശിയുടേതെന്നതിന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് ഇയാളുടെ വലതുകാലിന്റെ ഒരു വിരൽ മുറിച്ചിരുന്നു. എല്ല് പരിശോധിച്ചതിൽ നിന്നും ഇത് വ്യക്തമായതായി സൂചനയുണ്ട്. അസ്ഥികൂടത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുക്കാൻ കഴിയാത്തതിനാൽ മരിച്ചയാളെ തിരിച്ചറിയുന്നതിന് ഡി.എൻ.എ ഫലം തന്നെ വേണ്ടിവരും. വിവാഹിതനായ മാറമ്പിള്ളി സ്വദേശിക്ക് ഒരു മകനുണ്ട്. ജോലിക്ക് പോകുന്നത് സംബന്ധിച്ച തർക്കത്തിലാണ് ഇയാൾ വീട്ടുകാരുമായി പിണങ്ങി നാടുവിട്ടത്. പുകവലിയോ, മദ്യപാനമോ ഉണ്ടായിരുന്നില്ല. ഏഴിപ്രത്ത് ആറ് സെൻറ് സ്ഥലവും വീടു മുണ്ടെങ്കിലും അവിടെ ആരും താമസിക്കുന്നില്ല.
നാലുമാസം മുമ്പ് അശോകപുരം മനയ്ക്കപ്പടിയിലെ ബന്ധുവീട്ടിൽ ഇയാൾ ചെന്നിരുന്നു. ഫയർ സ്റ്റേഷനടുത്തുള്ള സവാളക്കടയിൽ ജോലിയുണ്ടെന്നും കടയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കിടക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതിനുമുമ്പ് കരിയാട്ടെ പാലിയേറ്റീവ് കെയറിലാക്കിയെങ്കിലും അവിടെ നിന്നും ചാടി പോന്നു. പ്രമേഹം മൂർച്ഛിച്ചതും ഭക്ഷണം കൃത്യമായി ലഭിക്കാതിരുന്നതുമാകാം മരണകാരണമെന്ന് സംശയിക്കുന്നു. സ്ഥലത്ത് നിന്നും ആധാർ കാർഡിലെ തെറ്റ് തിരുത്താൻ സമർപ്പിച്ച അപേക്ഷയുടെ കോപ്പി ലഭിച്ചതാണ് തിരിച്ചറിയാൻ സഹായകമായത്. ഇതിൽ ഫോട്ടോയുമുണ്ടായിരുന്നു. ആലുവ ഈസ്റ്റ് സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.