തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അതീവ നിയന്ത്രിത മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് ഏഴ് വരെ തുറക്കാം. ഈ മേഖലകളിലുള്ള കൊവിഡ് രോഗമുക്തർക്കും കൊവിഡ് ഫലം നെഗറ്റീവായവർക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാം.

രോഗമുക്തർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. പരിശോധനയ്ക്ക് വിധേയമായവർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കരുതണം. പരിശോധിച്ച തീയതിമുതൽ ഏഴുദിവസം വരെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സഞ്ചരിക്കാം. എന്നാൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നവർക്ക് കാലാവധി കഴിയുന്നതുവരെ സഞ്ചാരം അനുവദിക്കില്ല. പ്രദേശത്ത് ഇതുവരെയും കോവിഡ് പരിശോധന നടത്താത്തവർക്ക് സൗജന്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പരിശോധന നടത്താം. സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവിടങ്ങളിലും സർക്കാർ നിശ്ചയിച്ച നിരക്കിൽ പരിശോധനാ സൗകര്യമുണ്ട്.