മലയിൻകീഴ്: പേയാട് കുണ്ടമൺകടവ് ഭദ്രകാളി ദേവീക്ഷേത്രത്തിൽ വൻ കവർച്ച. 6പവന്റെ സ്വർണാഭരണങ്ങളും 48000 രൂപയും സി.സി ടിവി കാമറയുടെ ഹാർഡ് ഡിസ്‌കുമാണ് കവർന്നത്. ഇന്നലെ രാവിലെ ജീവനക്കാർ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിലും കമ്മിറ്റി ഓഫീസുകളും കാണിക്ക വഞ്ചികളും തകർത്താണ് പണം കവർന്നത്. ശ്രീകോവിലിന്റെയും ഓഫീസുകളുടെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. പണമെടുത്ത ശേഷം കാണിക്ക വഞ്ചികൾ ഉപേക്ഷിച്ചു.
ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ, വിളപ്പിൽശാല ഇൻസ‌്പെക്ടർ സജിമോൻ, എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.
രണ്ട് കമ്മിറ്റി ഓഫീസുകളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 28000 രൂപ, കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 20000 ലധികം രൂപ, വിശ്വാസികൾ നൽകിയ 3 പവന്റെ സ്വർണം, വിഗ്രഹത്തിൽ ചാർത്തിയിരുന്ന 3 പവന്റെ സ്വർണം എന്നിവയാണ് നഷ്ടപ്പെട്ടത്. അടുത്തിടെ ഒരു ലക്ഷം രൂപ വിനിയോഗിച്ച് ക്ഷേത്രത്തിൽ സ്ഥാപിച്ച കാമറയുടെ ഹാർഡ് ഡിസ്‌കും കവർന്നതിനാൽ മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാക്കളാകാമെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണത്തിനായി പ്രത്യേക സ്വാഡ് രൂപീകരിച്ചതായി വിളപ്പിൽശാല ഇൻസ്‌പെക്ടർ ബിജുമോൻ അറിയിച്ചു.