മലയിൻകീഴ്: ഗ്രാമീണ മേഖലകളിലെ ക്ഷേത്ര കുളങ്ങൾ ഉൾപ്പെടെ നിരവധി പൊതുകുളങ്ങൾ സംരക്ഷിക്കാതെ ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. പ്രദേശവാസികൾ കുളിക്കാനും തുണി അലക്കുന്നതിനും പുറമേ കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഉറവവറ്റാത്ത കുളങ്ങളിപ്പോൾ പാഴ്ച്ചെടികൾ വളർന്നിറങ്ങി മലിനമായി കിടക്കുകയാണ്. മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവരും ക്ഷേത്ര ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന കുളമിപ്പോൾ മലിനാവസ്ഥയിലാണ്. ക്ഷേത്രത്തിലെ ഒരു ഭാഗത്ത് പാഴ്ച്ചെടികൾ വളർന്നിറങ്ങിയും സമീപത്തെ ആനത്തറിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലവും, ഭക്ഷ്യവസ്തുക്കൾ കുളത്തിലേക്ക് ആന വലിച്ചെറിയുന്നതും കുളം മലിനമാകുന്നതിന് പ്രധാന കാരണമാകുന്നു. വെള്ളത്തിലെ ദുർഗന്ധം കാരണം പ്രദേശവാസികൾ ഇവിടേക്കെത്താറില്ല. 85 സെന്റിലേറെ വരുന്ന കുളത്തിലെ മീനുകൾ ചത്ത് പൊങ്ങുന്ന കാഴ്ചയും ഇവിടെ പതിവാണ്. 2006ൽ ദേവസ്വം ബോർഡ് 15 ലക്ഷം രൂപ വിനിയോഗിച്ച് കുളത്തിന്റെ അറ്റകുറ്റപണികൾ നടത്തിയപ്പോൾ നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ നിർമ്മാണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ കുളത്തിലെ വെള്ളത്തിന് ചോർച്ചയുണ്ടായി. അപ്പോഴേക്കും കരാറുകാരൻ ബില്ല് മാറി പോയിരുന്നുവെന്നാണ് ലഭിച്ച വിവരം. ചോർച്ചയുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ചോർച്ച അടച്ചിരുന്നു.ഈ കുളത്തിലെ പടിഞ്ഞാറ് ഭാഗത്തെ കരിങ്കൽക്കെട്ട് തകർന്ന് കിടക്കുന്നതും മഴക്കാലത്ത് മലിനജലം ഒഴുകിയെത്താൻ കാരണമാകാറുണ്ട്. ഈ കുളം നവീകരിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയും പ്രദേശവാസികളും നിരവധി പ്രാവശ്യം ദേവസ്വം ബോർഡിൽ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡിന് യാതൊരു കുലുക്കവുമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വിളപ്പിൽ പഞ്ചായത്തിലെ ഇടവിളാകം, കൊങ്ങപ്പള്ളി ഇരട്ടകുളം എന്നിവ പൂർവികരുടെ കാലം മുതൽ ഉപയോഗിച്ചുവരുന്ന ജലസ്രോതസുകളിൽ പ്രധാനപ്പെട്ടതാണ്. ഇവ നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. കണ്ടലകരിംകുളം, പെരുംകുളം, എരുത്താവൂർ കുരിശോട്ടുകോണം, പിരിയാംകോട് കുളം പോങ്ങുംമൂട് നാഗക്കാട്ടുകുളം എന്നീ പൊതുകളങ്ങളിൽ വെള്ളം ആവശ്യത്തിലേറെയുണ്ട്. എന്നാൽ മലിന്യം നിറഞ്ഞ് പാഴ്ച്ചെടികൾ മൂടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.