തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അഗ്നി സുരക്ഷയ്ക്ക് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ജീവനക്കാരെ നിയോഗിച്ചിട്ടും, പ്രോട്ടോക്കോൾ ഓഫീസിലെ തീ അണയ്ക്കാൻ ഏറെ വൈകി.
സെക്രട്ടേറിയറ്റിൽ ഒരു മാസം കൂടുമ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറണമെന്ന നിർദേശവും നടപ്പായില്ല. പിടിപാടുള്ള ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വർഷമായി തുടരുന്നത്. തീ പടർന്നയുടൻ സെക്രട്ടേറിയറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ലെന്ന വിവരവും പുറത്തായി. മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതിനാലാണ് തീയണയ്ക്കാൻ പുറത്തുനിന്ന് ഫയർഫോഴ്സിനെ വിളിച്ചതെന്നാണ് വിശദീകരണം. സെക്രട്ടേറിയറ്റിൽ ഫയർ ഡിറ്റക്ടറുകൾ സ്ഥാപിക്കാത്തതും ഫയർഫോഴ്സ് വാഹനം ക്യാമ്പ് ചെയ്യാത്തതും തിരിച്ചടിയായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിക്കും.